കാസർകോട് ജില്ലാ കളക്ടർ അവധിയിലേക്ക്; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

By Web TeamFirst Published Jan 21, 2022, 7:26 PM IST
Highlights

കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള പൊതുപരിപാടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെ കളക്ടർ പിന്തുണച്ചു

കാസർകോട്: സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാരണമായ വിവാദങ്ങൾക്ക് പിന്നാലെ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിലേക്ക്. കൊവിഡ് വ്യാപനം അതിശക്തമായിരിക്കെയാണ് അവധി. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

അതേസമയം കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള പൊതുപരിപാടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെ കളക്ടർ പിന്തുണച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കർശനമായി പാലിക്കണമെന്ന് അവർ കോടതി വിധിയോട് പ്രതികരിക്കുന്നതിനിടെ പറഞ്ഞു.

ഹൈക്കോടതിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിലെ സിപിഎം സമ്മേളനം ഒരു ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു. ഇന്ന് രാത്രി 10.30 വരെയാണ് സമ്മേളനം നടക്കുക. ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള എല്ലാ പൊതുയോഗങ്ങൾക്കും കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

മടിക്കൈയിൽ ഇന്നാണ് സമ്മേളനം ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഞായറാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ നാളെ വൈകീട്ട് അവസാനിപ്പിക്കാനാണ് സിപിഎം നേരത്തെ തീരുമാനിച്ചത്. ജില്ലയിൽ കളക്ടർ പൊതുയോഗത്തിന് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനം ഉയരുന്നതിനിടെയാണ് പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്. 

കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾ നടത്തുന്നതിനെതിരെ കേരള ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും റിപ്പബ്ലിക്ക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചതെന്നും കോടതി ചോദിച്ചു. കാസർകോട് 36 ശതമാനമാണ് ആശുപത്രിയിൽ ഉള്ളവരുടെ നിരക്കെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവി‍ഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുളള ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്കാണ് ഉത്തരവ് ബാധകമാവുക. സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.

click me!