അനുമതി വൈകുന്നു; കാസര്‍കോട് വനമേഖലയിൽ വീതികുറച്ച് മലയോര ഹൈവേ യാഥാർത്ഥ്യമാക്കാൻ ധാരണ

By Web TeamFirst Published Aug 29, 2020, 8:25 AM IST
Highlights

വനം വകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ ദേലംപാടി പഞ്ചായത്തിൽ മലയോര ഹൈവേ നിർമാണം മുടങ്ങിയിട്ട് 10 മാസമായി. 

കാസര്‍കോട്: വനംവകുപ്പിന്‍റെ അനുമതി വൈകുന്ന സാഹചര്യത്തിൽ കാസർകോട്ടെ ദേലംപാടി പഞ്ചായത്തിലെ വനമേഖലയിൽ വീതികുറച്ച് മലയോര ഹൈവേ യാഥാർത്ഥ്യമാക്കാൻ ധാരണ. മൂന്നരകിലോമീറ്റർ ദൂരം അഞ്ച് മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡാക്കാൻ വനംവകുപ്പുമായി ധാരണയിലെത്തി. ഇതോടെ കരാർ കാലാവധിക്കുള്ളിൽ കാസർകോട് മലയോരഹൈവേ നിർമ്മാണം പൂർത്തിയാകുമെന്നുറപ്പായി.

കാസര്‍ഗോഡ് - കര്‍ണാടക അതിര്‍ത്തി ഗ്രാമമായ മന്ദാരപദവില്‍ നിന്നും തിരുവനന്തപുരം വരെ നീളുന്നതാണ് മലയോര ഹൈവേ പദ്ധതി. വനം വകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ ദേലംപാടി പഞ്ചായത്തിൽ മലയോര ഹൈവേ നിർമാണം മുടങ്ങിയിട്ട് 10 മാസമായി. ഈ സാഹചര്യത്തലിലാണ് കെ.കുഞ്ഞിരാമൻ എംഎൽഎയുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. എടപ്പറമ്പ് കോളിച്ചാൽ റീച്ചിലെ പാണ്ടി മുതൽ പരപ്പവരെ മൂന്നരകിലോമീറ്റർ കോൺക്രീറ്റ് റോഡ് നിർമ്മിക്കാൻ തടസമില്ലെന്ന് ഡിഎഫ്ഒ അറിയിച്ചു

അഞ്ചരമീറ്റർ വീതിയിൽ റോ‍ഡ് കോൺക്രീറ്റ് ചെയ്യുമ്പോൾ പുതുതായി വീതികൂട്ടുകയോ മരങ്ങൾ മുറിക്കുകയോ വേണ്ട. എന്നാൽ മലയോര ഹൈവേക്ക് അംഗീകരിച്ച ഏഴ് മീറ്റർ വീതി കുറക്കുന്നതിന് കിഫ്ബിയുടെ പ്രത്യേക അനുമതി വേണ്ടി വരും. ഇതിന് തടസമുണ്ടാകില്ലെന്ന് എംഎൽഎ പറ‌ഞ്ഞു. കരാർ കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് വീതികുറച്ചായാലും മലയോര ഹൈവേ യാഥാർത്ഥ്യമാക്കുന്ന എന്ന തീരുമാനത്തിലേക്ക് അധികൃതരെത്തിയത്.

click me!