
കേരളം സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും രാഷ്ട്രീയത്തിലെ ലിംഗസമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോഴും, വടക്കൻ അതിർത്തി ജില്ലയായ കാസർഗോഡ് ഇപ്പോഴും ഒരു വലിയ രാഷ്ട്രീയ കടങ്കഥയായി തുടരുന്നു. ജില്ല രൂപീകൃതമായി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, അഞ്ച് മണ്ഡലങ്ങളിലായി നടന്ന ഡസൻ കണക്കിന് തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും കാസർഗോഡ് ജില്ലയിൽ നിന്ന് ഒരു വനിത പോലും ഇതുവരെ നിയമസഭയുടെ പടി ചവിട്ടിയിട്ടില്ല. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോഴും ഈ ചരിത്രപരമായ വിവേചനം അവസാനിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്.
സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഇടതുമുന്നണിയും വലതുമുന്നണിയും കാസർഗോഡ് ജില്ലയുടെ കാര്യത്തിൽ പരാജയമാണെന്ന് ചരിത്രം പറയുന്നു. കാസർഗോഡ്, മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ അഞ്ച് മണ്ഡലങ്ങളിലും ഇത്തവണയും ഒരു വനിതാ സ്ഥാനാർത്ഥിയെപ്പോലും പരീക്ഷിക്കാൻ ഇരു മുന്നണികളും തയ്യാറായിട്ടില്ല. 2026-ലെ തെരഞ്ഞെടുപ്പിലും പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നപ്പോൾ കാസർഗോഡ് ജില്ലയിലെ സ്ഥിതിയിൽ വലിയ മാറ്റമില്ല. മഞ്ചേശ്വരത്ത് എ.കെ.എം അഷ്റഫും, കാസർഗോഡ് കല്ലട്ര മായിൻ ഹാജിയും യുഡിഎഫിനായി മത്സരിക്കുമ്പോൾ അവിടങ്ങളിലൊന്നും ഒരു വനിതാ നാമം പോലും പരിഗണിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലീം ലീഗ് ഇത്തവണ പേരാമ്പ്രയിലും കൂത്തുപറമ്പിലും വനിതകളെ പരീക്ഷിക്കുന്നുണ്ടെങ്കിലും കാസർഗോഡ് ജില്ലയിൽ ആ പരീക്ഷണം നടത്താൻ അവർ തയ്യാറായില്ല.
ജില്ലയിലെ നിയമസഭാ പോരാട്ടങ്ങളിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും, ഒരു വനിതയെ പരീക്ഷിച്ച ചരിത്രം അവർക്കുണ്ട്. 2011-ൽ കാസർഗോഡ് മണ്ഡലത്തിൽ ജയലക്ഷ്മി എൻ. ഭട്ടിനെ ബിജെപി കളത്തിലിറക്കിയിരുന്നു. അന്ന് മുസ്ലീം ലീഗിലെ എൻ.എ. നെല്ലിക്കുന്നിനോട് പൊരുതി തോറ്റെങ്കിലും 43,330 വോട്ടുകൾ നേടി അവർ രണ്ടാം സ്ഥാനത്തെത്തിയത് വലിയ വാർത്തയായിരുന്നു. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും വോട്ടുകൾ പോലും അന്ന് ആ വനിതാ സ്ഥാനാർത്ഥിക്ക് മുന്നിൽ നിഷ്പ്രഭമായി. അത് പോലെ തന്നെ 2016 ൽ യുഡിഎഫ് ധന്യ സുരേഷിനെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.
ഇത്തവണ കാസർഗോഡ് ജില്ലയിൽ പ്രധാന മുന്നണികളിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നത് എൻഡിഎ മാത്രമാണ്. ബിജെപി ജില്ല പ്രസിഡന്റും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായ എം.എൽ. അശ്വിനിയെ കാസർഗോഡ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. കല്ലട്ര മായിൻ ഹാജി യുഡിഎഫ്, എം.എ. ലത്തീഫ് എൽഡിഎഫ് എന്നിവർക്കെതിരെയാണ് അശ്വിനിയുടെ പോരാട്ടം. ജില്ലയിൽ നിന്ന് ഒരു വനിതാ എംഎൽഎ എന്ന സ്വപ്നം ഇത്തവണയെങ്കിലും യാഥാർത്ഥ്യമാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും വിദ്യാഭ്യാസത്തിലും വലിയ പുരോഗതിയുള്ള ജില്ലയായിട്ടും എന്തുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ ഇവിടെ വനിതകളെ മാറ്റിനിർത്തുന്നത്? സാമുദായിക സമവാക്യങ്ങളും, വിജയസാധ്യത എന്ന പേരിലുള്ള പുരുഷ കേന്ദ്രീകൃതമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീ സംവരണം വഴി മികച്ച ഭരണം കാഴ്ചവെക്കുന്ന നിരവധി വനിതകൾ ജില്ലയിലുണ്ടായിട്ടും, അവരെ നിയമസഭയിലേക്ക് പരിഗണിക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്ന പരാതി ശക്തമാണ്.
കാസർഗോഡിൻ്റെ മണ്ണിൽ നിന്ന് ഒരു വനിതാ ശബ്ദം നിയമസഭയിൽ മുഴങ്ങുന്നത് കാണാൻ ഇനിയും എത്ര തെരഞ്ഞെടുപ്പുകൾ കാത്തിരിക്കണം? 2026-ലെ ഫലം ഈ ചരിത്രപരമായ വിടവ് നികത്തുമോ അതോ കാസർകോടിന്റെ 'പുരുഷാധിപത്യ' രാഷ്ട്രീയ ചരിത്രം തുടരുമോ എന്ന് കണ്ട് തന്നെ അറിയാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam