കൊവിഡ് ബാധിച്ച മാധ്യമപ്രവർത്തകനുമായി സമ്പർക്കം; കാസ‍ർകോട് കളക്ടർ നിരീക്ഷണത്തിൽ

By Web TeamFirst Published Apr 29, 2020, 9:20 PM IST
Highlights

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമപ്രവർത്തകൻ ഈ മാസം 19-ന് കളക്ടറുടെ അഭിമുഖം എടുത്തിരുന്നു. 

കാസർകോട്: കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവർത്തകനുമായി സമ്പർക്കത്തിൽ വന്നെന്ന് കണ്ടെത്തിയതിനാൽ ജില്ലാ കളക്ടറെ നിരീക്ഷണത്തിലാക്കി. കാസർകോട് ജില്ലാ കളക്ടർ സജിത്ത് ബാബുവിനെയാണ് ആരോഗ്യവിദഗ്ദ്ധരുടെ നിർദേശപ്രകാരം നിരീക്ഷണത്തിലാക്കിയത്. 

കാസർകോട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച സ്വകാര്യ ചാനലിലെ റിപ്പോർട്ടറുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ജില്ലാ കലക്ടർ നിരീക്ഷണത്തിൽ പോയത്. ഈ മാസം 19-ന് ഈ മാധ്യമപ്രവർത്തകൻ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു. 

മാധ്യമപ്രവർത്തകന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ശേഖരിച്ചു ഇതോടെയാണ് ജില്ലാ കളക്ടറും സമ്പർക്കത്തിൽ വന്നിരുന്നുവെന്ന് മനസിലായത്. വിവരം കിട്ടിയതോടെ ജില്ലാ കളക്ടർ സജിത്ത് ബാബുവും അദ്ദേഹത്തിൻ്റെ ഗൺമാൻ, ഡ്രൈവർ എന്നിവരും നിരീക്ഷണത്തിൽ പോകുകയായിരുന്നു. ഇവരുടെയെല്ലാം സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള ജില്ലയായിരുന്നു നേരത്തെ കാസ‍ർകോട്. ഈ ഘട്ടത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ അതിശക്തമായ പ്രതിരോധ പ്രവ‍ർത്തനങ്ങളുടെ ഫലമായാണ് ജില്ലയിലെ കൊവിഡ് രോ​ഗികളുടെ എണ്ണം 12 ആയി ചുരുങ്ങിയത്. 

click me!