ആർക്കും ഭൂരിപക്ഷമില്ല ! കാസർകോട്ടെ എട്ട് പഞ്ചായത്തുകൾ ആര് ഭരിക്കും

By Web TeamFirst Published Dec 19, 2020, 1:12 PM IST
Highlights

ത്രിശങ്കുവിലുള്ള എട്ട് പഞ്ചായത്തിൽ അഞ്ചും അതിർത്തി പഞ്ചായത്തുകളാണ്. വൊർക്കാടി, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിൽ എൽഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം.

കാസർകോട്: ആർക്കും ഭൂരിപക്ഷമില്ലാതെ ആരു ഭരിക്കുമെന്ന് വ്യക്തതയില്ലാതെ കാസർകോട്ടെ എട്ട് പഞ്ചായത്തുകളും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും. കഴിഞ്ഞ തവണ ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റാൻ ഇടത് വലത് മുന്നണികൾ ഒന്നിച്ച പഞ്ചായത്തുകളും ഇത്തവണ ത്രിശങ്കുവിൽ തന്നെയാണ്. പരസ്പര സഹകരണത്തോടെ അധികാരം പിടിക്കാനുള്ള നീക്കത്തിലാണ് ഇടത് വലത് മുന്നണികൾ.

ത്രിശങ്കുവിലുള്ള എട്ട് പഞ്ചായത്തിൽ അഞ്ചും അതിർത്തി പഞ്ചായത്തുകളാണ്. വൊർക്കാടി, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിൽ എൽഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം. കഴിഞ്ഞ തവണ പൈവളിഗെയിലേതിന് സമാനമായി മൂന്നിടത്തും യുഡിഎഫ് പിന്തുണയോടെ അധികാരം പിടിക്കാനാണ് എൽഡിഎഫ് നീക്കം. കുംബാഡെജെയിലും, ബദിയടുക്കയിലും, മഞ്ചേശ്വരത്തും ബിജെപിയും യുഡിഎഫുമാണ് ഒപ്പത്തിനൊപ്പം. 

കുംബാഡെജെയിലും ബദിയടുക്കയിലും  യുഡിഎഫിന് അധികാരം പിടിക്കണമെങ്കിൽ ഇടത് പിന്തുണ വേണം. അവിശുദ്ധ സഖ്യമുണ്ടാക്കിയാൽ ഇടത് വലത് മുന്നണികളെ ജനം ഒറ്റപ്പെടുത്തുമെന്നാണ് ബിജെപിയുടെ പ്രതികരണം.

എൽഡിഎഫ് യുഡിഎഫ് ധാരണ യാഥാർത്ഥ്യമായാൽ രണ്ട് പഞ്ചായത്തുകളിൽ മാത്രമായി ബിജെപി ഭരണം ചുരുങ്ങും. കഴിഞ്ഞ തവണത്തേതിന് സമാനമായി മുളിയാർ പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഏഴ് സീറ്റുകൾ. ഒരു സീറ്റ് ബിജെപി ആയതുകൊണ്ട് ടോസിനാണ് സാധ്യത. 

ഈസ്റ്റ് ഏളേരി പഞ്ചായത്തിൽ യുഡിഎഫും കോൺഗ്രസ് വിമതരുടെ പാർട്ടി ഡിഡിഎഫും ഒപ്പത്തിനൊപ്പം. എൽഡിഎഫ് പിന്തുണച്ചാൽ ഡിഡിഎഫിന് ഭരണം പിടിക്കാം. 

click me!