Latest Videos

കശ്മീർ പോസ്റ്റ് വിവാദം: ദില്ലിയിലെ പരിപാടികൾ റദ്ദാക്കി കെടി ജലീൽ, കേരളത്തിലേക്ക് മടങ്ങി

By Web TeamFirst Published Aug 14, 2022, 8:44 AM IST
Highlights

ആസാദ് കശ്മീരെന്ന പരാമർശത്തിലെ ആസാദ് ഇൻവെർട്ടഡ് കോമയിലായിട്ടും അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്നലെ രാവിലെ പ്രതികരിച്ച കെടി ജലീൽ വൈകുന്നേരത്തോടെ മലക്കം മറിയുകയായിരുന്നു

ദില്ലി: കശ്മീർ പോസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെടി ജലീൽ ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി. ദില്ലിയിലെ പരിപാടികൾ റദ്ദാക്കിയാണ് അദ്ദേഹം മടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ പിന്നീട് യാത്ര പുലർച്ചെ മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ചു. അദ്ദേഹം കേരളത്തിലെത്തി.

ആസാദ് കശ്മീരെന്ന പരാമർശത്തിലെ ആസാദ് ഇൻവെർട്ടഡ് കോമയിലായിട്ടും അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്നലെ രാവിലെ പ്രതികരിച്ച കെടി ജലീൽ വൈകുന്നേരത്തോടെ മലക്കം മറിയുകയായിരുന്നു. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്തെന്നും  നാടിന്റെ നന്മയക്കായി  അത് പിൻവലിക്കുന്നു എന്നുമാണ് ജലീൽ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമ‌‍ർശങ്ങൾ നീക്കി 1947ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി.

സിപിഎം നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് കെടി ജലീലിന്റെ പിൻവാങ്ങൽ. അടിക്കടി ജലീൽ പാർട്ടിക്കും സ‍ർക്കാരിനും തലവേദനയുണ്ടാക്കുന്നു എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താൻ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ മന്ത്രിമാരായ എംവി  ഗോവിന്ദനും പി രാജീവും എതിർപ്പ് വ്യക്തമാക്കിയിരുന്നു.

ദില്ലി തിലക് മാ‍ർഗ് പോലിസ് സ്റ്റേഷനിൽ ബിജെപി അനുകൂലിയായ അഭിഭാഷകൻ ജലീലിനെതിരെ പരാതി നൽകിയിരുന്നു. രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ദില്ലിയിൽ തുടരുമ്പോൾ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് പുലർച്ചെ തന്നെ എംഎൽഎ കേരളത്തിലേക്ക് മടങ്ങിയതെന്നും വിലയിരുത്തലുണ്ട്. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും പ്രതിപക്ഷനേതാവ് വിഡി സതീശനും ഇന്നലെ ജലീലിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സമീപകാലത്ത് ഇത് മൂന്നാം തവണയാണ്  ജലീൽ സിപിഎമ്മിനെ വെട്ടിലാക്കുന്ന നിലപാടെടുക്കുന്നത്.>

സ്വാതന്ത്ര്യത്തോട് അനുബന്ധിച്ച് രാജ്യത്തെ വിഭജിക്കാൻ  തീരുമാനിച്ചപ്പോൾ നാട്ടുരാജ്യങ്ങൾ പുതുതായി രൂപീകരിച്ച രാഷ്ട്രങ്ങളിൽ ചേരാൻ നിർബന്ധിതരായി. ഒന്നുകിൽ ഇന്ത്യ അല്ലെങ്കിൽ പാകിസ്ഥാൻ. സ്വയം ഭരണമെന്ന സാധ്യത പല കാരണങ്ങൾ കൊണ്ടു പ്രായോഗികമായിരുന്നില്ല. തീരുമാനമെടുക്കാൻ ഹരി സിംഗിന് കൂടുതൽ സമയം വേണമായിരുന്നു. ഭരിക്കുന്നത് ഹിന്ദു രാജാവാണെങ്കിലും പ്രജകൾ ഭൂരിപക്ഷവും ഇസ്ലാം വിശ്വാസികൾ.  തീരുമാനം നീണ്ടുപോകുന്നതിനിടെ കശ്മീർ സ്വന്തമാക്കാൻ പാകിസ്ഥാൻ ശ്രമം തുടങ്ങി, പൂഞ്ച് പ്രദേശത്തെ വിഘടന വാദികൾ കലാപമാരംഭിച്ചു, പഷ്തൂൺ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരെ ആയുധം നൽകി കശ്മീരിലേക്ക് കടത്തി.  ഗത്യന്തരമില്ലാതെ ഹരി സിംഗ് ഇന്ത്യയുടെ സഹായം തേടി. സൈന്യത്തെ കശ്മീരിലേക്ക് അയക്കണമെങ്കിൽ ലയന കരാറിൽ ഒപ്പിടണമെന്ന് ( Instrument of Accession) ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ നിലപാടെടുത്തു. ഹരി സിംഗ് സമ്മതിച്ചു. 1947 ഒക്ടോബർ 26ന് ഹരി സിംഗ് ഇൻസ്ട്രുമെന്റ് ഓഫ് അസെഷൻ ഒപ്പിട്ടു. കശ്മീർ അങ്ങനെ ഇന്ത്യയുടെ ഭാഗമായി. ഇന്ത്യൻ പട്ടാളം കശ്മീരിൽ പ്രവേശിച്ചു, പാക് പിന്തുണയുള്ള വിഘടനവാദികളെ ഭൂരിഭാഗം പ്രദേശത്ത് നിന്നും തുരത്തി. കശ്മീരിലെ അന്നത്തെ ജനകീയ നേതാവായ ഷെയ്ക്ക് അബ്ദുള്ള ലയനത്തെ  അംഗീകരിച്ചു. ഹരി സിംഗിന്റെ തീരുമാനം പാകിസ്ഥാൻ അംഗീകരിച്ചില്ല.  കശ്മീരിനെ ചൊല്ലി ഇത് വരെ നാല് വട്ടം ഇന്ത്യ -പാക് യുദ്ധം നടന്നു. അതിലൊടുവിലത്തേതാണ് 1999ലെ കാർഗിൽ യുദ്ധം.
 

click me!