
തിരുവനന്തപുരം: സോളാർ കേസിൽ താൻ രാഷ്ട്രീയ ആയുധമാക്കപ്പെട്ടോയെന്ന് സംശയിക്കുന്നതായി സരിത എസ് നായർ. തട്ടിപ്പ് കേസുകളൊതുക്കാൻ യുഡിഎഫ് നൽകിയത് അഞ്ച് ലക്ഷം മാത്രമായിരുന്നു. തൻറെ പേരിൽ പലരും പണം വാങ്ങിയിട്ടുണ്ടാകാം. സ്ഥലം വിറ്റാണ് നിക്ഷേപകരിൽ ചിലരുടെ പണം തിരിച്ചുനൽകിയതെന്നും സരിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വർഷങ്ങളോളം രാഷ്ട്രീയ കേരളം ചുറ്റിത്തിരിഞ്ഞത് സരിതയുടെ വാക്കിലായിരുന്നു. 2013 ജൂൺ രണ്ടിന് സരിത കസ്റ്റഡിയിലായതോടെ സോളാർ ബോംബ് പൊട്ടിത്തുടങ്ങി. 2014 ഫെബ്രുവരി 21ന് ജയിൽ വിട്ട സരിതയുടെ വെളിപ്പെടുത്തലുകൾ ഉണ്ടാക്കിയത് വലിയ കോളിളക്കമായിരുന്നു. തുറന്ന് പറച്ചിൽ പരമ്പരകൾക്ക് ശേഷം സരിത പിന്നെ കേരളം വിട്ടു. പവർ കൺസൽട്ടൻറായും പേപ്പർ കപ്പ് യൂണിറ്റ് നടത്തിയും ഒരു വർഷത്തോളമായി ജീവിതം ഇപ്പോൾ നാഗർകോവിലിലാണ്. സോളാറിൽ ഒരേ സമയം പ്രതിയും പരാതിക്കാരിയുമാണ് സരിത. വിവാദം ആറിത്തണുത്ത ഇക്കാലത്ത് തനിക്കും നീതി കിട്ടിയില്ലെന്നാണ് നിക്ഷേപകരെ പോലെ സരിതയും പറയുന്നത്.
തട്ടിപ്പ് കേസ് മറയ്ക്കാൻ പീഡനപരാതി ഉയർത്തിയെന്ന ആക്ഷേപം ശരിയല്ല. ജയിലിൽ നിന്നെഴുതിയ കത്തിൽ പറഞ്ഞതെല്ലാം സത്യമാണ്. മൊഴി മാറ്റാാൻ വൻതുക കിട്ടിയെന്നത് കളവാണ്. തൻറെ മൊഴിവെച്ച് ആരെങ്കിലും പണമുണ്ടാക്കിയോ എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ല, ശിവരാജൻ കമ്മീഷനോടും അന്വേഷണ ഉദ്യോഗസ്ഥരോടും എല്ലാം പറഞ്ഞിട്ടും കേസുകൾ നീളുന്നതിൻറെ കാരണം അറിയില്ലെന്നും ടീം സോളാർ പൊളിയാൻ കാരണം നിക്ഷേപകരുടെ പണം ബിജുരാധാകൃഷ്ണൻ കൊണ്ടുപോയതാണെന്നും സരിത പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam