
തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്‍റെ 'കാതോര്‍ത്ത്' ഓണ്‍ലൈന്‍ സേവനങ്ങളില്‍ പങ്കെടുത്ത് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സിലിംഗ്, നിയമ സഹായം, പൊലീസിന്‍റെ സേവനം എന്നിവ കാതോര്‍ത്ത് പോര്‍ട്ടല്‍ വഴിയാണ് നല്‍കുന്നത്. ഈ സേവനത്തിനായി വിളിച്ച കാസര്‍ഗോഡ് സ്വദേശിയുമായി മന്ത്രി നേരിട്ട് സംസാരിച്ചു. യുവതിയുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും നടപടി സ്വീകരിക്കാന്‍ വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു. കൗണ്‍സിലിംഗും നിയമ സഹായവുമാണ് യുവതി ആവശ്യപ്പെട്ടത്.
സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ കാതോര്‍ത്ത് ഓണ്‍ലൈന്‍ സേവനം തേടണമെന്ന് മന്ത്രി പറഞ്ഞു. ഒരാള്‍ സേവനം ആവശ്യപ്പെട്ട് കഴിഞ്ഞാല്‍ എത്രയും വേഗം പൊലീസ് സഹായം ലഭ്യമാക്കുന്നു. 48 മണിക്കൂറിനകം അവര്‍ക്ക് വേണ്ടി കൗണ്‍സിലിംഗ്, നിയമ സഹായത്തിന് വേണ്ടിയുള്ള അപ്പോയ്‌മെന്റ്, പൊലീസിന് വേണ്ടിയുള്ള അപ്പോയ്‌മെന്റ് എന്നിവ എടുത്ത് നല്‍കുന്നു. രഹസ്യം കാത്തു സൂക്ഷിച്ച് സേവനം തേടാന്‍ കഴിയുന്ന ഈ ഓണ്‍ലൈന്‍ സേവനം അവശ്യ സമയത്ത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
വനിത ശിശുവികസന വകുപ്പ് സംവിധാനവും ബോധവത്ക്കരണവും ശക്തിപ്പെടുത്താനായി ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതാണ്. നിലവിലെ വകുപ്പുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. സംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് പരിചയപ്പെടുത്തുന്നതിനും അവര്‍ക്ക് ലഭ്യമാക്കുന്നതിനും ഉതകുന്ന അവബോധ പരിപാടികള്‍ സംഘടിപ്പിക്കും. കാതോര്‍ത്ത് സേവനങ്ങള്‍ക്ക് (https://kathorthu.wcd.kerala.gov.in) പുറമെ 181 ഹെല്‍പ് ലൈന്‍ വഴിയും സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 83 ലീഗല്‍ സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകള്‍ വഴിയും 39 ഫാമിലി കൗണ്‍സിലിംഗ് സെന്ററുകള്‍ വഴിയും സേവനങ്ങള്‍ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam