
ദില്ലി: കത്വ കേസിനായി നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി അഭിഭാഷകൻ മുബീൻ ഫറൂഖി. അനാവശ്യ വിവാദമാണ് കത്വ കേസിന്‍റെ പേരിൽ ഇപ്പോൾ ഉയരുന്നതെന്ന് അഭിഭാഷകൻ മുബീൻ ഫറൂഖി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസ് ഇപ്പോഴും ഹൈക്കോടതിയിൽ തുടരുകയാണ്.
യൂത്ത് ലീഗിൽ നിന്ന് ലഭിച്ച പണം കേസിന്റെ ആവശ്യങ്ങൾക്കായിട്ടാണ് ഉപയോഗിച്ചത്. ഇപ്പോഴും അഭിഭാഷകർക്ക് ഫീസ് നൽകുന്നുണ്ട്. ദീപിക സിംഗ് രജാവത്ത് കേസിൽ ഹാജരായത് രണ്ട് തവണ മാത്രമാണ്. 2018 നവംബറിൽ ഇവരുടെ വക്കാലത്ത് ഒഴിവാക്കിയതാണ്. കത്വ പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ട പ്രകാരം പിന്നീട് ഇവരെ മാറ്റിയത്.
പിന്നെ എങ്ങനെയാണ് കേസിന്‍റെ മറ്റു നടപടികൾ ഇവർക്ക് അറിയാവുന്നതെന്ന് മുബീൻ ഫറൂഖി ചോദിച്ചു. ചില വ്യക്തികൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായാണ് വിവാദം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് കഴിഞ്ഞയിടയ്ക്ക് രംഗത്തെത്തിയത്.
കത്വ, ഉന്നാവോ പീഢനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നായിരുന്നു ആരോപണം. ആരോപണം കത്തിപ്പടരുന്നതിനിടെയാണ് വെളിപ്പെടുത്തലുമായി അഭിഭാഷക ദീപിക സിംഗ് രജാവത് രംഗത്ത് വന്നത്. കത്വാ കേസ് നടത്തിപ്പിനായി അഭിഭാഷകര്‍ ആരും പണം വാങ്ങിയിട്ടില്ലെന്നാണ് സുപ്രീം കോടതിയിലടക്കം കേസ് വാദിച്ച ദീപിക വെളിപ്പെടുത്തിയത്.
പബ്ലിക് പ്രോസിക്യൂട്ടറാണ് വിചാരണ കോടതിയില്‍ കേസ് നടത്തുന്നത്. മുസ്ലീം യൂത്ത് ലീഗ് പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകന്‍ മുബീന്‍ ഫാറൂഖിക്ക് കേസുമായി ബന്ധമില്ലെന്നും ദീപിക സിംഗ് രജാവത് ഓഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ദീപിക സിംഗ് രജാവത്തിന് യൂത്ത് ലീഗ് മറുപടിയും നല്‍കിയിരുന്നു. അഡ്വ. മുബീൻ ഫാറൂഖി വഴിയാണ് രജാവത്ത് ആ കുടുംബത്തിന്‍റെ വക്കാലത്ത് വാങ്ങിയതെന്ന് യൂത്ത് ലീഗ് വ്യക്തമാക്കുന്നത്.
തെളിവായി ദീപിക സിംഗ് രജാവത്ത് വക്കാലത്ത് ചോദിച്ചുവാങ്ങുന്നതെന്ന് അവകാശപ്പെടുന്ന ഒരു ശബ്‍ദരേഖയും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ പുറത്തുവിട്ടു. കേസിന്‍റെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് അഡ്വ. മുബീൻ ഫാറൂഖിയാണ്. അതിനാലാണ് കേസ് നടത്തിപ്പിന്‍റെ തുക മുബീൻ ഫാറൂഖിയെ ഏൽപിച്ചതെന്നും സി കെ സുബൈർ പറയുന്നു. ദീപിക സിംഗ് രജാവത്തിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നാണ് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam