
തിരുവനന്തപുരം:കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടത്തിൽ ഇനിയും പ്രതികളെ പിടികൂടാതെ പൊലിസ്. കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളായ മുൻ പ്രിൻസിപ്പലിനെയും എസ്എഫ്ഐ നേതാവിനെയും ഇതുവരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ല. മൊഴികളും രേഖകളും മുഴുവൻ പരിശോധിച്ചു കഴിഞ്ഞിട്ടില്ലെന്നാണ് വിശദീകരണം. കോളജ് തെരഞ്ഞെടുപ്പിൽ കൗണ്‍സിലറായി ജയിച്ച അനഘക്കു പകരം എസ്എഫ്ഐ നേതാവ് എ വിശാഖിൻെറ പേരാണ് മുൻ കോളജ് പ്രസിൻസിപ്പല്‍ ജി.ജെ.ഷൈജു സർവ്വകലാശാലക്ക് നൽകിയത്. തട്ടിപ്പ് പുറത്തുവന്ന് കാട്ടാക്കട പൊലിസ് കേസെടുത്തിട്ട് ഒരാഴ്ചയാകുന്നു. കേസിലെ പ്രതികളായ മുൻ പ്രിൻസിപ്പൽ ടി.ജെ.ഷൈജു, ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരെ ഇതേവരെ ചോദ്യം പോലും ചെയ്തിട്ടില്ല.
പരാതി നൽകിയ സർവ്വകലാശാല രജിസ്ട്രേററുടെയും നിലവിലെ പ്രിൻസിപ്പലിൻെറയും , കോളജിൽ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകിയ റിട്ടേണിംഗ് ഓഫീസറുടെയും മൊഴി മാത്രമാണ് ഇതേ വരെ രേഖപ്പെടുത്തിയത്. തട്ടിപ്പ് നടന്നതിനുള്ള തെളിവുകള്‍ ഇതിനകം പൊലിസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് കോളജിലെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. ആരോമലും അനഘയുമാണ് കൗണ്‍സിലറായി വിജയുച്ചതെന്ന രേഖ റിട്ടേണിംഗ് ഓഫീസർ കൈമാറി. വിശാഖിൻെറ പേര് കൈമാറിയതിനെ കുറിച്ച് അറിയില്ലെന്നാണ് അധ്യാപകൻെറ മൊഴി. കോളജിൽ നിന്നും അനഘക്കു പകരം വിശാഖിൻെറ പേര് രേഖപ്പെടുത്തി സർവ്വകലാശാലക്ക് മുൻകോളജ് പ്രിൻസിപ്പൽ നൽകിയ പെർഫോമയും പൊലിസിന് ലഭിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു മാസത്തിനുള്ളിൽ വ്യക്തിപരമായ കാരണത്താൽ കൗണ്‍സിലർ സ്ഥാനം രാജിവയ്ക്കുന്നുവെന്നെഴുതി അനഘ നൽകിയ രാജി കത്തും പൊലിസിന് കോളജ് കൈമാറി. ഇനി അനഘയുടെ മൊഴിയാണ് നിർണായകം. ഇത്തരമൊരു കത്തെഴുതിയിട്ടുണ്ടോ, കത്തെഴുതാൻ സമ്മർദ്ദമുണ്ടായോ എന്ന് വിശദമാക്കേണ്ടത് അനഘയാണ്. ഒപ്പം വിജയിച്ച ആരോമലിൻെറ മൊഴിയും പൊലിസ് രേഖപ്പെടുത്തും
പ്രതികളെ ചോദ്യം ചെയ്യാൻ ആവശ്യമായ രേഖകള്‍ കൈവശമുണ്ടായിട്ടും എന്തുകൊണ്ട് വൈകുന്നവെന്നാണ് ആരോപണമുയരുന്നത്. ആള്‍മാറാട്ടത്തിന് പിന്നിൽ എംഎൽഎമാർ ഉള്‍പ്പെടെ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് അന്വേഷണത്തിലെ മെല്ലെ പോക്ക്. ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യം തേടാനുള്ള സാധ്യതയുമേറെ. എന്നാൽ വ്യക്തമായ രേഖകളില്ലാതെ തുടർനടപടിയിലേക്ക് നീങ്ങിയാൽ തിരിച്ചയടിയുണ്ടാകുമെന്നതിലാണ് കൂടുതൽ വിശദാംശങ്ങള്‍ തേടുന്നതെന്നാണ് പൊലിസ് വിശദീകരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam