
തിരുവനന്തപുരം: ഒരു പെട്രോൾ പമ്പിന് നാലരയടി ഉയരത്തിൽ ചുറ്റുമതിൽ പണിയാൻ ഐഐടിയിൽ നിന്ന് വിദഗ്ധ സംഘം വരണോ? കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പെട്രോൾ പമ്പിനുള്ള പ്രവര്‍ത്തനാനുമതി തേടി രണ്ട് വര്‍ഷമായി പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുകയാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ യുവ സംരംഭകൻ. ചുറ്റുമതിൽ നിര്‍മ്മാണത്തിലെ അപാകത ആരോപിച്ച് അയൽവാസി നൽകിയ പരാതിയിൽ വിചിത്രമായ ഇടപെടലുകളാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായെന്നാണ് ആക്ഷേപം.
തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ റോഡരികിലുള്ള എച്ച്പി പെട്രോൾ പമ്പ് തുടങ്ങാനാണ് മുൻ അധ്യാപകനും അഭിഭാഷകനുമായ പി നിര്‍മ്മലൻ ഉദ്ദേശിച്ചത്. പിന്നോക്കക്കാര്‍ക്ക് പെട്രോൾ പമ്പ് അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വഴി മകൻ അനന്ദു നിര്‍മ്മലിന്‍റെ പേരിൽ ലൈസൻസിന് അപേക്ഷിച്ചത് 2017ൽ. ജില്ലാ കളക്ടറുടെ അനുമതി പത്രത്തിന് രണ്ടര വര്‍ഷം കാത്തിരിക്കേണ്ടിവന്നെങ്കിലും ഒടുക്കം കിട്ടി. കലാസമിതിയുടെ വോളിബോൾ ഗ്രൗണ്ട് പാട്ടത്തിനെടുത്ത് നിര്‍മ്മാണം തുടങ്ങിയ അന്ന് മുതൽ ഉടക്കുകളാണ്.
നിര്‍മ്മിക്കാൻ ഉദ്ദേശിക്കുന്ന ചുറ്റുമതിലിന് സുരക്ഷ പോരെന്ന് അയൽക്കാരൻ പരാതി നൽകി. അളവിൽ അധികം മണ്ണ് മാറ്റിയെന്ന പരാതിയടക്കം ഏറ്റുപിടിച്ച പഞ്ചായത്ത് രാത്രി സ്റ്റോപ്പ് മെമ്മോ നൽകി. പമ്പുടമയും പഞ്ചായത്ത് സെക്രട്ടറിയും തമ്മിൽ സംസാരിച്ച് മുഷിഞ്ഞു. പിന്നിട് നടന്നതെല്ലാം വിചിത്രമായ ഇടപെടലുകളാണെന്നാണ് നിര്‍മ്മലൻ വിശദീകരിക്കുന്നത്.
പരാതി കിട്ടിയാൽ ചെയ്യേണ്ട നിയമപരമായ കാര്യങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. നിസ്സാരമായി തീര്‍ക്കേണ്ട പ്രശ്നം കോടതി കയറി വഷളാക്കിയത് പമ്പുടമയാണെന്ന് പഞ്ചായത്ത് പ്രസിഡന്റും പറയുന്നു. എന്നാൽ പരാതിക്കാരൻ സിപിഎം അനുഭാവിയായതിനാൽ പഞ്ചായത്ത് ഇടപെടലിന് പിന്നിലെല്ലാം രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നാണ് പമ്പുടമയുടെ പക്ഷം.
പഞ്ചായത്ത് ഡയറക്ടറും പട്ടികജാതി കമ്മിഷനും മുതൽ മുഖ്യമന്ത്രി പിണറായി വിജയനെ വരെ സമീപിച്ചു. ഒരുമിച്ച് ലൈസൻസ് അനുവദിച്ച് കിട്ടിയവരെല്ലാം ഇതിനകം പെട്രോൾ പമ്പ് പ്രവര്‍ത്തിപ്പിച്ചും തുടങ്ങി. പഞ്ചായത്ത് വാദങ്ങളെല്ലാം തള്ളി ചുറ്റുമതിൽ പണിയാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ബിൽഡിംഗ് പെര്‍മിറ്റ് ഉള്ള സ്ഥിതിക്ക് മറ്റ് തടസങ്ങളില്ലെന്നിരിക്കെ പമ്പ് പ്രവര്‍ത്തനം തുടങ്ങാൻ കമ്പനി അധികൃതര്‍ സമീപിച്ചപ്പോൾ ചുറ്റുമതില് കെട്ടിത്തീരട്ടെ എന്ന നിലപാടിലാണത്രെ കാട്ടാക്കട പഞ്ചായത്ത്