
ഇടുക്കി: കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം സംബന്ധിച്ച് ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ശുപാർശ. അന്വേഷണം നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിനും കട്ടപ്പന നഗരസഭ സെക്രട്ടറിക്കും തദ്ദേശ ഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർക്കും നിർദേശം. നിർമാണത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിർദേശമുണ്ട്. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടിയുണ്ടാകും. തമിഴ്നാട് കമ്പം സ്വദേശിയായ ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരണ കാരണം വിഷ വാതകം ശ്വസിച്ചാണെന്ന് കണ്ടെത്തി. എന്ത് വാതകം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കട്ടപ്പനയിൽ ഹോട്ടലിന്‍റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് മൂന്ന് തൊഴിലാളികൾ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10ഓടെയാണ് ഇവർ ടാങ്ക് വൃത്തിയാക്കൽ ജോലികൾ ആരംഭിച്ചത്. ഹോട്ടലിന്‍റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ജയരാമൻ കരാർ എടുത്തിരുന്നു. ജയരാമനും അഞ്ചു തൊഴിലാളികളും ചേർന്ന് മാലിന്യം നീക്കം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. മൈക്കിൾ ആണ് മാലിന്യ ടാങ്കിലേക്ക് ആദ്യം ഇറങ്ങിയത്. ഇയാൾ ടാങ്കിനുള്ളിൽ കുടുങ്ങി എന്ന് മനസ്സിലാക്കിയതോടെ രക്ഷിക്കാൻ ഇറങ്ങിയതാണ് സുന്ദര പാണ്ഡ്യൻ. രണ്ടു പേരും ബോധം കെട്ട് വീണതോടെ ജയരാമനും ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. ഓക്സിജന്റെ അളവ് തീരെ കുറവുള്ള ടാങ്കിൽ മൂന്നു പേരും പെട്ട് പോകുകയായിരുന്നു.
കട്ടപ്പന പാറക്കടവിന് സമീപം പ്രവർത്തിച്ചിരുന്ന സ്വകാര്യ ഹോട്ടൽ പുതുക്കി പണിയുന്ന പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഇതിനിടെ ഹോട്ടലിന്റെ മുൻവശത്തെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ആണ് മൂന്ന് പേർ മാൻകോളിലൂടെ ഇറങ്ങിയത്. വൃത്തിയാക്കാൻ ഇറങ്ങിയ മൂന്നു പേരെ കാണാതായതോടെ സമീപവാസികളും സ്വകാര്യ ഹോട്ടലിന്റെ ഉടമസ്ഥരും പരിശോധന നടത്തിയെങ്കിലും ഇവരെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതായതോടെ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും പൊലീസ് അധികൃതരും എത്തി രണ്ടു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് മൂവരെയും പുറത്തെടുത്തത്. എന്നാൽ ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. ടാങ്കിന്റെ മുകൾ ഭാഗം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജില്ലയിൽ നിന്നുള്ള മന്ത്രി കൂടിയായ റോഷി അഗസ്റ്റിൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കളക്ടർ റിപ്പോർട്ട് നൽകിയത്. അപകടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു.