
തൃശൂർ: ചെടിച്ചട്ടി ടെണ്ടറിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റിലായ കളിമൺ പാത്ര നിർമ്മാണ ക്ഷേമ കോർപ്പറേഷൻ ചെയർമാനെ നീക്കി. സംഭവത്തിൽ കെഎൻ കുട്ടമണിക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. കളിമൺ പാത്രത്തിന് കമ്മീഷൻ വാങ്ങിയതിനാണ് കേസ്. മൂവായിരത്തി അറുനൂറ് ചെടിച്ചട്ടി ഇറക്കുന്നതിന് പതിനായിരം രൂപയാണ് മണ്‍ചട്ടി നിര്‍മാതാക്കളില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയത്. ചിറ്റിശേരിയിലിലുള്ള ചെടിച്ചട്ടി നിര്‍മാതാക്കളില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കളിമണ്‍ പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെഎന്‍ കുട്ടമണി അറസ്റ്റിലായത്. വളാഞ്ചേരിയിലെ കൃഷിഭവന്‍ വഴി ചെടിച്ചട്ടി വിതരണം ചെയ്യുന്നതിനുള്ള ടെണ്ടര്‍ കൈകാര്യം ചെയ്യുന്നത് കുട്ടമണി ചെയര്‍മാനായ കോര്‍പ്പറേഷനായിരുന്നു. ചിറ്റിശേരി സ്വദേശികളും ടെണ്ടറില്‍ പങ്കെടുത്തിരുന്നു.
ചട്ടിയൊന്നിന് 95 രൂപയ്ക്കാണ് ടെണ്ടര്‍ ലഭിച്ചത്. ആറായിരം ചട്ടി നിര്‍മ്മിക്കാമോയെന്ന് കോര്‍പ്പറേഷനിൽ നിന്ന് വിളിച്ചു ചോദിച്ചതല്ലാതെ തുടര്‍ നടപടികളുണ്ടായില്ല. വളാഞ്ചേരിയിലെ കൃഷിഭവനിലന്വേഷിച്ചപ്പോള്‍ നൂറില്‍ താഴെ ചട്ടികള്‍ മറ്റൊരു കൂട്ടര്‍ ഇറക്കിവച്ചതായി വിവരവും ലഭിച്ചു. പരാതിയുമായി മുന്നോട്ട് പോകാന്‍ തുടങ്ങുന്നതിനിടെയാണ് 3642 ചെടിച്ചട്ടികള്‍ നല്‍കാനുള്ള ഓഡര്‍ നല്‍കുന്നത്. കൂടുതല്‍ ഓഡർ വേണമെങ്കില്‍ ചട്ടി ഒന്നിന് മൂന്നു രൂപ കൈക്കൂലി നല്‍കണമെന്ന് കുട്ടമണി ഫോണില്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നായിരുന്നു ചട്ടി നിര്‍മാണ യൂനിറ്റുടമകള്‍ വിജിലന്‍സിനെ സമീപിച്ചത്. കുട്ടമണി ആദ്യം ഇരുപത്തി അയ്യായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടതെങ്കിലും പിന്നീടത് പതിനായിരമാക്കി. തൃശൂര്‍ വടക്കേസ്റ്റാന്‍റിലുള്ള കോഫീ ഹൗസില്‍ പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് കുട്ടമണിയെ പിടികൂടുന്നത്. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് കുട്ടമണി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam