
മലപ്പുറം/വയനാട്: 76 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങൾ നടന്നിട്ട് ഇന്ന് രണ്ടാണ്ട്. പ്രളയം സമാനതകളില്ലാത്ത ദുരന്തം വിതച്ചുപോയ പുത്തുമലയിലും കവളപ്പാറയിലും ശേഷിച്ച മനുഷ്യരുടെ പുനരധിവാസം ഇനിയും പൂർത്തിയായിട്ടില്ല. 2019 ഓഗസ്റ്റ് 8 ന് വൈകിട്ട് ആര്‍ത്തലച്ച് പെയ്ത ഒരു മഴയിലാണ് വയനാട് പുത്തുമലയില്‍ 17 ജീവനുകള്‍ നഷ്ടമായ ദുരന്തം ഉണ്ടായത്. 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അതേ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തത്തിന് നിലമ്പൂരിന് അടുത്ത കവളപ്പാറയെന്ന ഗ്രാമം സാക്ഷിയായത്. 59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട് തികയുകയാണ്.
മൊബൈൽ ടവറുകളും വൈദ്യുതി പോസ്റ്റുകളും തകർന്നതിനാൽ കവളപ്പാറയിലെ ദുരന്ത വാർത്ത പുറത്തെത്താൻ ഏറെ വൈകി. 12 മണിക്കൂറിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച ദുരന്തവാർത്ത പുറം ലോകമറിഞ്ഞത്. ദുരന്തം നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും കവളപ്പാറയിലെ പുനരധിവാസ പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് ആദ്യ വാരം മുഴുവനും നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ആഗസ്റ്റ് എട്ടിന് വൈകുന്നേരം മഴയും ഒപ്പം ഇരുട്ടും കനത്തു. മഴത്തണുപ്പിൽ ആധിയോടെ കേരളം കിടന്നുറങ്ങിയപ്പോൾ നിലമ്പൂരിനടുത്ത് കവളപ്പാറയിൽ മുത്തപ്പൻ കുന്നിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് 42 വീടുകൾ മണ്ണിനടിയിൽ പെട്ടു. മഴയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വൈദ്യുതി ലൈനുകളും മൊബൈൽ ടവറുകളും നിലം പൊത്തിയപ്പോൾ പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളും നിലച്ചു. ദുരന്തം നടന്ന് 12 മണിക്കൂറോളം പുറം ലോകം ഒരു വിവരവുമറിഞ്ഞില്ല. 59 പേരാണ് ദുരന്തത്തിനിരയായത്. 11 പേരെ ഇന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നത് ദുരന്തത്തിന്‍റെ വ്യാപ്തി എത്രമാത്രം വലുതായിരുന്നു എന്ന് വ്യക്തമാക്കുന്നു.
ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവർ ഇന്നും ആ ഓർമകളിൽ നിന്ന് മുക്തരായിട്ടില്ല. ദുരന്തത്തിനിരയായവരും പ്രദേശത്ത് നിന്ന് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടവരുമടക്കം 108 പേർക്കാണ് സർക്കാർ പുനരധിവാസം നിശ്ചയിച്ചിരുന്നത്. രണ്ട് വർഷത്തിനിപ്പുറവും പുനരധിവാസം പൂർത്തിയായിട്ടില്ല. ജനറൽ വിഭാഗത്തിൽ പെട്ടവർക്കുള്ള 24 വീടുകളുടെയും ആദിവാസി വിഭാഗങ്ങളിൽ പെട്ടവർക്കുള്ള 32 വീടുകളുടെയും നിർമാണം പാതിവഴിയിലാണ്. എംഎ യൂസഫലിയുടെ നേതൃത്വത്തിൽ നിർമിച്ച 33 വീടുകളിലും സർക്കാർ സഹായത്തോടെ നിർമിച്ച 19 വീടുകളിലുമാണ് നിലവിൽ ദുരന്തബാധിതർ താമസം തുടങ്ങിയത്. ദുരന്തത്തില്‍ തലനാരിഴക്കു രക്ഷപെട്ട ആദിവാസികുടുംബങ്ങള്‍ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പില്‍ തന്നെയാണ്. അപകട ഭീഷണിയെ തുടര്‍ന്ന് വീട് വിട്ട് പോരേണ്ടി വന്ന 24 കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത വീടുകള്‍ പണി പൂര്‍ത്തിയാക്കി കൊടുത്തിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam