കവളപ്പാറയിൽ ഒരു മൃതദേഹം കൂടി കിട്ടി, മരണം ഒമ്പത്, ഇനി കണ്ടെത്താനുള്ളത് 54 പേരെ

By Web TeamFirst Published Aug 10, 2019, 8:41 PM IST
Highlights

രക്ഷാപ്രവർത്തനം പ്രദേശത്ത് തുടരുകയാണ്. പക്ഷേ, കുഴഞ്ഞു നിൽക്കുന്ന ചെളിയാണ്. രണ്ടാൾപ്പൊക്കത്തിലുള്ള മണ്ണിന് കീഴെയാണ് വീടുകൾ. ഇവിടെ നിന്ന് വേണം രക്ഷാപ്രവർത്തനം. 

മലപ്പുറം: കവളപ്പാറയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഒരു മൃതദേഹം കൂടി കിട്ടി. ഇതോടെ ഇവിടെ മാത്രം മരണം ഒമ്പതായി. ഇന്നലെ ഇവിടെ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് കിട്ടിയത് ആറ് മൃതദേഹങ്ങളും. ഇനി 54 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. ഇതിൽ 20 പേർ കുട്ടികളാണ്. 

ഒരു കുന്നിന്‍റെ ഒരു ഭാഗം മുഴുവൻ ഇടിഞ്ഞ് വീണതിന്‍റെ കീഴിലുള്ളത് നാൽപതിലധികം വീടുകളാണ്. ഇന്നാണ് ഇവിടെ നിന്ന് അഞ്ച് മൃതദേഹങ്ങളും കണ്ടെത്താനായത്. പക്ഷേ, സ്ഥലത്ത് വീണ്ടും മഴ പെയ്യുന്നതും, ചെറു ഉരുൾപൊട്ടലുകളുണ്ടാകുന്നതും രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയാണ്. പ്രദേശവാസികളും ദേശീയ ദുരന്ത നിവാരണ സേനയും ഫയർഫോഴ്‍സും മാത്രമാണ് ഈ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്താനുള്ളത്. സൈന്യം ഇതുവരെ ഇങ്ങോട്ടെത്തിയിട്ടില്ല. ഇവിടേക്കുള്ള റോഡ് ഗതാഗതം പൂർണമായി തകർന്നതിനാൽ 48 മണിക്കൂർ കഴിഞ്ഞിട്ടും ഇവിടേക്ക് രക്ഷാസേനയ്ക്ക് എത്താനായിട്ടില്ല.

തുടര്‍ന്ന് വായിക്കാം: മണ്ണും വെള്ളവും ഒലിച്ചുവരുന്നു, തലയ്ക്ക് പിന്നിലാണ് അടിയേറ്റത്... കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ കണ്ടും അനുഭവിച്ചുമറിഞ്ഞ ജയന്‍ സംസാരിക്കുന്നു

ഉള്ളവർക്കാകട്ടെ നിലവിലെ സൗകര്യങ്ങൾ വച്ച് രക്ഷാപ്രവ‍ർത്തനം ഏതാണ്ട് അസാധ്യമാണ്. രണ്ടാൾപ്പൊക്കത്തിലാണ് മണ്ണിടിഞ്ഞ് വീണ് കിടക്കുന്നത്. ഇതിന് താഴെയാണ് വീടുകൾ. ഇതിനുള്ളിലാണ് ആളുകൾ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ രാത്രി വരെ ഇവിടെ നിന്ന് നിലവിളികൾ കേട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് അതും നിലച്ചു. 

സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നയിടത്ത് നിന്ന് കനത്ത ദുർഗന്ധമാണ് വരുന്നത്. ഇടയ്ക്കിടെ മഴ പെയ്യുകയും, ചെറു ഉരുൾപൊട്ടലുണ്ടാവുകയും ചെയ്യുമ്പോൾ നാട്ടുകാർ ഓടി രക്ഷപ്പെടുകയാണ്. ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലും ഇവിടെ കുടുങ്ങിപ്പോയവരുടെ ബന്ധുക്കൾ ഇപ്പുറം കാത്തു നിൽക്കുകയാണ്. എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ. 

ഉരുൾപൊട്ടി മൂന്നും നാലും മീറ്റര്‍ ഉയരത്തിൽ വരെ കല്ലും മണ്ണും മരവുമെല്ലാം ഒഴുകിയെത്തിയതോടെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്രമാത്രം മണ്ണ് മാറ്റുന്നതിന് തക്കവിധത്തിലുള്ള ഉപകരണങ്ങളോ മറ്റു സൗകര്യങ്ങളൊ ഒന്നും പ്രദേശത്ത് ഇപ്പോഴും ഇല്ലാത്ത അവസ്ഥയാണ്. ജീവനോടെ ആരെങ്കിലും മണ്ണിനടിയിലുണ്ടോ എന്ന പ്രതീക്ഷ ഇപ്പോഴും പ്രദേശവാസികൾക്കുണ്ട്. 

ആഗ്രഹിക്കുന്ന രീതിയിൽ രക്ഷാപ്രവര്‍ത്തനം നടത്താനാകാത്ത അവസ്ഥയാണ് ഇപ്പോൾ കവളപ്പാറയിൽ ഉള്ളതെന്ന് സ്ഥലം എംഎൽഎ പിവി അൻവറും പറഞ്ഞു. മണ്ണുമാന്തിയന്ത്രങ്ങൾ പോലും വളരെ സൂക്ഷിച്ച് മാത്രമെ പ്രദേശത്ത് ഉപയോഗിക്കാൻ കഴിയൂ. കാരണം അറുപതിലേറെ പേര്‍ മണ്ണിനകത്ത് അവിടവിടെയായി അകപ്പെട്ടുപോയ പ്രദേശത്ത് മറ്റു പ്രദേശങ്ങളെ പോലെ വേഗത്തിൽ രക്ഷാ പ്രവര്‍ത്തനം സാധ്യമാകില്ലെന്നാണ് ജനപ്രതിനിധിയും വ്യക്തമാക്കുന്നത്. കാഴ്ചക്കാരായി ഒരുപാട് ആളുകൾ പ്രദേശത്തേക്ക് എത്തുന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. 

തുടർന്ന് വായിക്കാം: 'മോളും കുട്ടികളും അവിടെയാ, രണ്ട് ദിവസമായി ഇങ്ങനെ നടക്കുന്നു..' കവളപ്പാറയിൽ വിങ്ങിപ്പൊട്ടി ഒരച്ഛൻ

click me!