കവളപ്പാറയിലെ ദുരന്തം നേരിട്ട് അനുഭവിച്ചു. അതിന്‍റെ പാടുകളാണ് ഈ ശരീരത്തില്‍ കാണുന്നത് എന്നാണ് കവളപ്പാറയിലെ ജയന്‍ പറയുന്നത്. അയല്‍വീട്ടില്‍ നിന്ന് കാണാതായവരെ അന്വേഷിച്ചിറങ്ങിയതായിരുന്നു ജയന്‍. അടുത്ത വീട്ടില്‍ കയറി നിന്ന സമയത്താണ് ഉരുള്‍പൊട്ടല്‍ നേരിട്ട് കാണുന്നതും. അതിന്‍റെ ഭാഗമായി പരിക്കുകളേല്‍ക്കുന്നതും. ഇനിയും രക്ഷാപ്രവര്‍ത്തനം പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് വേണ്ടരീതിയില്‍ നടക്കാത്ത പ്രദേശമാണ് കവളപ്പാറ. എത്രപേര്‍ ഇവിടെ കുടുങ്ങിയിട്ടുണ്ട് എന്ന് പോലും അറിയുക സാധ്യമല്ലാത്ത സാഹചര്യമാണ് ഇവിടെ. 

ജയന്‍റെ വാക്കുകളില്‍ നിന്ന്: ഞങ്ങള്‍ ആ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാനിരിക്കുമ്പോഴാണ് അതിശക്തമായൊരു മഴ. അതും ഇന്നുവരെ കാണാത്ത തരത്തിലുള്ള മഴ. അപ്പോള്‍ ഞാന്‍ കൂടെയുള്ളവനോട് പറഞ്ഞു. അനീഷേ എന്നാലിപ്പോ ഇറങ്ങണ്ട. മഴ തോര്‍ന്നിട്ട് ഇറങ്ങാമെന്ന്. ആ മഴ ഒരു രണ്ടു മിനിറ്റ് നീണ്ടുനിന്നു. അതിനുശേഷം ഒരു ഹുങ്കാരമായിരുന്നു. വെടിയൊക്കെ പൊട്ടും പോലെയുള്ള ഒരു ശബ്ദം. ആര്‍ക്കും മാറാനോ തിരിയാനോ ഒന്നും കഴിഞ്ഞില്ല. അത് ഒരു ഒറ്റ നില വീടാണ്. ഞാനതിന്‍റെ സിറ്റൗട്ടിലായിരുന്നു. കയ്യില്‍ ഹൈഡ്‍ലൈറ്റുണ്ടായിരുന്നു. ആ വീട്ടിലെ വിജയന്‍ എന്നു പറയുന്ന ആള്‍ വിഷ്‍ണുവിന്‍റെ കയ്യില്‍ പിടിക്കുന്നതേ ഞാന്‍ കണ്ടുള്ളൂ. അപ്പോഴാണ് എന്‍റെ തലയ്ക്ക് പിന്നില്‍ മണ്ണും ചളിയും ഒക്കെ കൂടി വന്ന് അടിക്കുന്നത്. ഞാനൊരു പത്തുമുപ്പത് അടി ദൂരത്തേക്ക് തെറിച്ചുവീണു. അവിടെ ഒരു കാറുണ്ടായിരുന്നു. ആ കാറിന്‍റെ മേലേക്കൂടി വീണു. അവിടെയൊരു കല്ല്യാണി എന്ന സ്ത്രീയുടെ വീടുണ്ട്. അപ്പോഴേക്കും അവിടൊക്കെ മണ്ണെത്തിയിരുന്നു. മണ്ണിന്‍റെ അടിയിലൂടെയാണ് ഞാന്‍ പോയത്. പക്ഷേ, എന്തോ ആ സമയത്തെ തോന്നലില്‍ ശരീരം ഒരു പന്തുപോലെ ചുരുട്ടിപ്പിടിച്ചിരുന്നു. അതുകൊണ്ട് പുറംഭാഗത്ത് മാത്രമാണ് മുറിവുകളേറ്റത്. നമ്മളെ ഉരുട്ടിക്കൊണ്ട് പോവുകയായിരുന്നു മണ്ണ്. അവിടെനിന്നും നേരെ കുഴിയിലേക്കാണ് ചാടിയത്. അതിനുതാഴെ ഒരു മുപ്പത് മീറ്ററപ്പുറം തോടാണ്. തോട്ടിലേക്കിറങ്ങിയപ്പോള്‍ ഒരു റബ്ബറിന്‍റെ കൊമ്പില്‍ പിടിത്തം കിട്ടി. അപ്പോഴേക്കും കാര്യപ്പെട്ട ചെളിയും വെള്ളവുമൊക്കെ ശ്രീധരേട്ടന്‍റെ വീട്ടിന്‍റെ അതുവഴി പോയി. ശ്രീധരേട്ടനൊക്കെ പോയി... 

സമയം രാത്രി ഏഴര മണിയൊക്കെയാണ്. എന്തുചെയ്യണമെന്നറിയില്ല. ഷര്‍ട്ടും മുണ്ടും ഒക്കെ പോയി. കാല് പൊട്ടിയിരുന്നു. ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. ശരീരം മൊത്തം മരവിച്ചു. അവിടെ ഒരു വീട്ടില്‍ വെളിച്ചം കണ്ടു. സുനിലാണ് ലൈറ്റടിച്ചത്. അവനോട് പറഞ്ഞു, സുനിലേ ഓടി വാ... ഞാനിവിടെ പെട്ടിരിക്കുകയാണ് എന്ന്. അവന്‍ ലൈറ്റടിച്ചു തന്നു. 500 മീറ്ററോളം ദൂരമുണ്ടായിരുന്നു. അങ്ങോട്ട് ഇഴഞ്ഞുനീങ്ങി. അപ്പോള്‍ ഈ മൂന്ന് സ്ഥലത്ത് ഉരുള്‍ പൊട്ടിയിരുന്നു. ഇതില്‍ രണ്ട് ഉരുള്‍പൊട്ടലുണ്ടായതിന്‍റെ അപ്പുറത്താണ് നാല് വീട്ടുകാരുള്ളത്. അതില്‍ ഒരു വല്ലിശ്ശേരി കൃഷ്ണന്‍ കുട്ടിയുടെ വീട്ടിലാണ് ഇവരെല്ലാവരും കൂടിയിരിക്കുന്നത്. ഇവരാകെ ഭയപ്പട്ടിരിക്കുകയാണ്. അവിടെച്ചെന്ന് ശരീരം കഴുകി, കാല് പൊട്ടിയതൊക്കെ കെട്ടി... ഇവര്‍ക്ക് അക്കരെ പോകാന്‍ ഒരു മാര്‍ഗവുമില്ല. 

നേരം വെളുത്തപ്പോഴാണ് ഇതിന്‍റെ ഒരു ഭീകരത മനസിലാവുന്നത്. ഒരു 400-500 മീറ്റര്‍ ഹൈറ്റില്‍ നിന്ന് ഒരു 300 മീറ്ററോളം വീതിയില് മണ്ണ് മൊത്തം മൂന്ന് ചാലുകളായി കുതിച്ചെത്തുകയാണ്. ഈ ഭാഗത്ത് ഒരു 16-17 വീടുകള്‍ പോയതായിട്ട് നമുക്ക് അറിവുണ്ട്. ഇതിലെത്ര ആളുകളുണ്ട് എന്ന് പറയാനാവില്ല. ആദിവാസി കുടുംബങ്ങളിലൊക്കെയുള്ളവരൊക്കെ ചിലപ്പോള്‍ സുഹൃത്തുടെയോ ബന്ധുക്കളുടെയോ ഒക്കെ വീട്ടിലേക്ക് മാറിനിന്നിട്ടുണ്ടാവും. മൂന്നാമത്തെ ഇടിച്ചിലിന്‍റെ മുകള്‍ ഭാഗത്ത് ഒരു നാലഞ്ച് വീടുണ്ട്. സനല്‍, ബിന്ദു, രാഗിണി, ഷിബു, ഷഇനു ഇവര് ഒക്കെ മുകളിലോട്ട് കയറിപ്പോയതായി പറയുന്നു. ഇവരൊക്കെ വീട്ടിലാണോ അതോ മോളിലേക്ക് പോയതാണോ എന്ന് പറയാനാകില്ല. അപ്പുറം ഭാഗത്ത് എന്താണ് സംഭവിച്ചതെന്ന് നമുക്ക് കാണാനേ ആയില്ല. 

(ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന്. സാനിയോ ആണ് കവളപ്പാറയിലെ ദുരന്തം ആദ്യം പുറം ലോകത്തെത്തിച്ചത്)