മലപ്പുറം: ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ കവളപ്പാറയിൽ സൈന്യം എത്തിയതോടെ രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി. മണ്ണിനടിയിൽ അകപ്പെട്ടുപോയ വീടുകളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രദേശത്തെ വീടുകൾക്കും അകത്ത് അകപ്പെട്ടുപോയവര്‍ക്കും വേണ്ടിയുള്ള തെരച്ചിലാണ് ഇപ്പോൾ നടക്കുന്നത്.
ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് അനിയന്‍റെ കുട്ടിയെ കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്ന സ്വന്തം മകളെ മണ്ണിനടയിൽ നഷ്ടപ്പെട്ട വിക്ടറിന്‍റെ ദുഖം നേരത്തെ വാര്‍ത്തയായിരുന്നു. രക്ഷാ ദൗത്യത്തിനിടെ വീടിന്‍റെ കോൺക്രീറ്റ് സ്ലാബ് പോട്ടിച്ചിറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ എട്ടുവയസ്സുകാരി അലീനയുടെ മൃതദേഹം പുറത്തെടുത്തു.
തുടര്‍ന്ന് വായിക്കാം: കെട്ടിപ്പിടിച്ച് നിന്ന രണ്ട്കുട്ടികളിൽ ഒരാളെ വലിച്ചുകയറ്റി, ഉരുൾപൊട്ടി വീണ മണ്ണിൽ മകളെ തിരഞ്ഞ് വിക്ടര്‍
മണ്ണിനടിയിൽ അകപ്പെട്ട അമ്മയേയും കുഞ്ഞിനേയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. സൈന്യവും ഫയര്‍ഫോഴ്സും പൊലീസും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും എല്ലാം അടക്കം സംഘമായാണ് കവളപ്പാറയിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മഴ മാറിനിൽക്കുന്നത് രക്ഷാദൗത്യത്തിന് വേഗം കൂട്ടിയിട്ടുമുണ്ട്.
ചവിട്ടി നിൽക്കുന്ന ഭൂമിക്കടിയിൽ ഉറ്റവരുണ്ടെന്ന തിരിച്ചറിവിൽ ഉള്ളുവിങ്ങി നിൽക്കുന്ന ഒട്ടേറെ പേരാണ് ഇപ്പോഴും കവളപ്പാറയിൽ ഉള്ളത്. താഴെ ഫോട്ടോയിൽ കാണുന്ന സുനിൽ അവരിൽ ഒരാൾ മാത്രമാണ്.
സുനിലിന്‍റെ ഭാര്യയും മകനും അച്ഛനും പെങ്ങളും മൂന്ന് കുട്ടികളും ആണ് മണ്ണിനടിയിലായത്. അവരെ ഒന്നു കണ്ടാൽ എന്തെങ്കിലും ചെയ്യാമായിരുന്നു എന്നാണ് സുനിൽ പറയുന്നത്. അവരിവിടെ ഇങ്ങനെ കിടക്കുമ്പോൾ ഞാനൊറ്റക്ക് മലയിറങ്ങുന്നതെങ്ങനെ എന്നാണ് സുനിൽ ചോദിക്കുന്നത്. സുനിലിനെ പോലെ ഒട്ടെറെ ആളുകളാണ് ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട് കവളപ്പാറയിൽ കഴിയുന്നത്. ചവിട്ടി നിൽക്കുന്ന ഭൂമിക്കടിയിൽ അവരുണ്ടെന്ന തിരിച്ചറിവും തീരാദുഖവുമാണ് എല്ലാവര്‍ക്കും പങ്കുവയ്ക്കാനുള്ളതും.
ചവിട്ടി നിൽക്കുന്ന ഭൂമിക്കടിയിൽ ഉറ്റവര്‍, കണ്ണീരോടെ കവളപ്പാറ:
"
തീര്‍ത്തും ദുഷ്കരമാണ് രക്ഷാപ്രവര്‍ത്തനം എന്ന് എല്ലാവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്നുണ്ട്. കാരണം ഒരുമലയിടിഞ്ഞ് മണ്ണാകെ ഒഴുകിപ്പരന്ന അവസ്ഥയിലാണ്. ഇരുനിലവീടുകൾക്ക് മുകളിൽ പോലും ഏറെ ഉയരത്തിൽ മണ്ണ് വന്ന് അടിഞ്ഞ നിലയിലാണ് ഇപ്പോൾ കവളപ്പാറ ഉള്ളത്.
കവളപ്പാറയിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈന്യം:
വലിയ മണ്ണുമാന്തിയന്ത്രങ്ങളെത്തിച്ച് ഒരു തലയ്ക്കൽ നിന്ന് മണ്ണ് മാറ്റി പരിശോധിക്കുകയെ വഴിയുള്ളു എന്ന നിലപാടിലാണ് രക്ഷാപ്രവര്‍ത്തകരുടെ സംഘവും ഇപ്പോഴുള്ളത്. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാ പ്രവര്‍ത്തനം തുടരണമെന്ന് തന്നെയാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുള്ള പരിശ്രമാണ് സൈന്യം അടക്കം കവളപ്പാറയിൽ നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam