മലപ്പുറം: ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് കവളപ്പാറയിൽ. ഉരുൾപ്പൊട്ടലുണ്ടായി രണ്ട് ദിവസത്തിന് ശേഷവും മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം തുടങ്ങാൻ കഴിയാതിരുന്ന കവളപ്പാറയിൽ സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ട ഒരച്ഛൻ നാടിന്‍റെ വേദനയാകുകയാണ്. 

കവളപ്പാറ സ്വദേശി വിക്ടർ കഴിഞ്ഞ രാത്രി മുഴുവൻ വീടിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ മകളെ തിരയുകയാണ്. വിക്ടറിനറിയാം മണ്ണ് മൂടിയ കോൺക്രീറ്റ് സ്ലാബിനടിയിൽ മകൾ അകപ്പെട്ടുപോയിട്ടുണ്ടെന്ന്. രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിക്കാൻ എത്തിയ നാട്ടുക‌ാർ കാണുന്നത് കോൺക്രീറ്റ് പൊട്ടിക്കുന്ന വിക്ടറിനെയാണ്. 

ദുരന്തഭൂമിയുടെ അങ്ങേയറ്റത്താണ് വിക്ടറിന്‍റെ വീടുണ്ടായിരുന്നത്. ഉരുൾപൊട്ടി മുത്തപ്പൻ മല ഒലിച്ചിറങ്ങി ആദ്യമെത്തിയത് വിക്ടറിന്‍റെ വീട്ടിലേക്കാണ്.  അനിയന്‍റെ കുട്ടിയും വിക്ടറിന്‍റെ മകളും അപ്പോൾ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു. സ്ഥലത്ത് ആദ്യമെത്തിയവർ ഒരുകുട്ടിയെ വലിച്ച് പുറത്തെടുത്തു. അപ്പോഴേക്കും വീണ്ടും മണ്ണിടിഞ്ഞ് വന്ന് കോൺക്രീറ്റ് സ്ലാബ് അമർന്നു പോയി. വിക്ടറിന്‍റെ മകൾ അതിനകത്തായി. വഴികളെല്ലാം തടസപ്പെട്ടിരുന്നതിനാൽ വീട്ടിലെത്താൻ വൈകിയ വിക്ടർ തിരിച്ചെത്തുമ്പോഴേക്ക് ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. 

രക്ഷാപ്രവർത്തകർ ജോലി തുടങ്ങുന്നത് കാത്ത് നിൽക്കാൻ വിക്ടറെന്ന അച്ഛന് കഴിയുന്നില്ല. കനത്ത മഴയും മണ്ണിടിച്ചിൽ മുന്നറിയിപ്പുമെല്ലാം അവഗണിച്ച് സ്വന്തം നിലയ്ക്ക് കോൺക്രീറ്റ് പൊട്ടിച്ച് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വിക്ടർ.

54 പേരാണ് ഇപ്പോഴും അവിടെ മണ്ണിനടിയിലുള്ളതെന്നാണ് കണക്ക് അതിൽ 20 പേർ കുട്ടികളാണ്. ദുരന്തം നടന്ന് മൂന്ന് ദിവസം കഴിയുമ്പോൾ കണ്ടെത്തിയത് 9 മൃതദേഹം മാത്രം. കാണാതായവരെ എല്ലാം കണ്ടെത്തും വരെ രക്ഷാ പ്രവര്‍ത്തനം തുടരണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം. സൈന്യം ഇറങ്ങിയെങ്കിലും അത്രമേൽ ഇല്ലാതായിപ്പോയ ഒരിടത്തു നിന്ന് എങ്ങനെ രക്ഷാപ്രവര്‍ത്തനം തുടങ്ങണമെന്നുപോലും അറിയാൻ കഴിയാത്ത ദുരവസ്ഥയാണ് ഇപ്പോഴും കവളപ്പാറയിൽ .