മലപ്പുറം: ദുരന്തമുണ്ടായി മൂന്നാം ദിവസം മാത്രമാണ് സൈന്യം രക്ഷാപ്രവർത്തനത്തിനായി കവളപ്പാറയിലെത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസടക്കമുള്ള മാധ്യമങ്ങൾ നിരന്തരം കവളപ്പാറയിൽ നിന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ഈ രണ്ടാം പ്രളയകാലത്ത് ഏറ്റവും ഭീതിദമായ ദുരന്തം ഏറ്റുവാങ്ങിയ ഭൂമിയാണ് കവളപ്പാറയെന്ന്. വിദഗ്‍ധമായ രക്ഷാപ്രവർത്തനം വേണ്ട മേഖലയായിരുന്നു ഇത്. സംസ്ഥാന ദുരന്ത നിവാരണ സേനയ്‍ക്കോ ഫയർ ഫോഴ്‍സിനോ പൊലീസിനോ കൈകാര്യം ചെയ്യാനാകുന്നതിന് അപ്പുറമായിരുന്നു കവളപ്പാറയിലെ സ്ഥിതി.
കൃത്യസമയത്ത് ആളുകളെ ഒഴിപ്പിക്കാൻ കഴിയാതിരുന്നതാണ് കവളപ്പാറയിലെ സ്ഥിതി ഗുരുതരമാക്കിയത്. ഒന്നോ രണ്ടോ പൊലീസുകാർ വന്ന് രണ്ട് വീടുകളിലോ മറ്റോ കയറി മുന്നറിയിപ്പ് നൽകി മടങ്ങിയെന്നും, മൈക്ക് കെട്ടി ഒരു അനൗൺസ്മെന്‍റ് പോലുള്ള നടപടികളൊന്നും ഉണ്ടായിരുന്നതേയില്ലെന്നും നാട്ടുകാർ പറയുന്നു. അതുകൊണ്ടുതന്നെ ഇതിന്‍റെ ഗൗരവം ഇവിടുത്തുകാർക്ക് മനസ്സിലായതുമില്ല. ഉരുൾപൊട്ടലുണ്ടായി എന്ന വിവരം മലപ്പുറത്തെ ഫയർഫോഴ്‍സിനെ വിളിച്ച് പറഞ്ഞപ്പോൾ കൃത്യമായ വിവരം നൽകാതെ ഉടൻ വരാൻ കഴിയില്ലെന്ന മറുപടിയാണ് കിട്ടിയതെന്നും നാട്ടുകാർ ആരോപിക്കുന്നു.
''ഒന്നോ രണ്ടോ പൊലീസുകാർ വന്ന് മാറുന്നതാണ് നല്ലതെന്ന് പറഞ്ഞതല്ലാതെ ഒരു മുന്നറിയിപ്പും കിട്ടിയിട്ടില്ല. നിങ്ങൾ മാറിയേ പറ്റൂ എന്ന് മൈക്ക് വച്ച് കെട്ടി അനൗൺസ്മെന്‍റ് നടത്തിയിട്ടില്ല. മാത്രമല്ല, വലിയ ഉരുൾപൊട്ടലുണ്ടായത് കണ്ട് മലപ്പുറത്തെ ഫയർഫോഴ്‍സിനെ വിളിച്ച് പറഞ്ഞപ്പോൾ കൃത്യമായ വിവരങ്ങൾ തരാൻ പറഞ്ഞു, പ്രൂഫ് ചോദിച്ചു. മൊബൈലിന് റേഞ്ച് പോലും കഷ്ടിയായിരുന്നു ഇവിടെ. ഇവിടെ നിന്ന് ഞങ്ങളെന്ത് പ്രൂഫ് കൊടുക്കാനാണ്'', നാട്ടുകാർ ചോദിക്കുന്നു.
സ്വന്തം തറവാട് നിൽക്കുന്നയിടം വെറും മണ്ണായി നിൽക്കുന്നത് കണ്ട് നിൽക്കുകയാണ് മറ്റ് ചിലർ. ഇപ്പോഴും ബന്ധുക്കളെ രക്ഷിക്കാമെന്ന പ്രതീക്ഷയിൽ തുടരുന്ന മറ്റ് ചിലർ. എങ്ങനെയെങ്കിലും എല്ലാവരെയും പുറത്തെത്തിക്കുന്നത് വരെ രക്ഷാപ്രവർത്തനം തുടരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam