
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം ഇനി രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം. 99 ശതമാനം മാർക്ക് നേടിയാണ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡിന്‍റെ വിലയിരുത്തലില്‍ ഒന്നാം സ്ഥാനം നേടിയത്. 3,500 പോയിന്‍റുകള്‍ വിലയിരുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്. ഒ പി, ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീ സൗഹൃദം എന്നിവ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.
കയ്യൂര്‍ ഉള്‍പ്പെടെ കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡിന്‍റെ അംഗീകാരം ലഭിച്ചെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രം എന്നിവ 97 ശതമാനം മാര്‍ക്കോടുകൂടി അക്രഡിറ്റേഷന്‍ കരസ്ഥമാക്കി. കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം കുടുംബാരോഗ്യ കേന്ദ്രം (96 ശതമാനം), കണ്ണൂര്‍ ജില്ലയിലെ തേര്‍ത്തലി കുടുംബാരോഗ്യ കേന്ദ്രം (95 ശതമാനം), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം (88 ശതമാനം), പാലക്കാട് ജില്ലയിലെ പെരുവമ്പ പ്രാഥമികാരോഗ്യ കേന്ദ്രം (81 ശതമാനം) എന്നിവയാണ് എന്‍ ക്യൂ എ എസ് അംഗീകാരം ലഭിച്ച മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍.
കഴിഞ്ഞ വര്‍ഷം 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കിമാറ്റിയിരുന്നു. ഈ വര്‍ഷം 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. 140 ആശുപത്രികള്‍ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡിന്‍റെ അംഗീകാരം ലക്ഷ്യമിടുന്നതായും ശൈലജ ടീച്ചര്‍ പറഞ്ഞു.98 ശതമാനം മാര്‍ക്കോടുകൂടി വയനാട് ജില്ലയിലെ നൂല്‍പ്പൂഴ കുടുംബാരോഗ്യ കേന്ദ്രം ആയിരുന്നു ഇതിന് മുമ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം.തൃശൂൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്ക് ആശുപത്രി ഇതിനുമുമ്പ് 98 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയായി എന്‍ ക്യൂ എ എസ് അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam