
കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണ ഉദ്ഘാടന ചടങ്ങിൽ രോഷാകുലനായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. യുഡിഎഫ് അംഗങ്ങൾ ചടങ്ങ് ബഹിഷ്‌കരിച്ചതാണ് പ്രകോപനമായത്. ചടങ്ങിൽ നിന്നു വിട്ടു നിന്നവരുടെ പേരുകൾ ശിലാഫലകത്തിൽ നിന്നു വലിച്ച് കീറിക്കളയുമെന്നും പകരം പങ്കെടുത്തവരുടെ പേരുകൾ മാത്രം ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ആർ.ബാലകൃഷ്ണപിള്ളയുടെ മകനെ ആരും രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ മന്ത്രി, കെഎസ്ആർടിസി ബസ് കേടാക്കിയതിന്റെ പേരിൽ സർവീസിൽ നിന്നു പുറത്താക്കിയ 4 ഐഎൻടിയുസി സംഘടനാ പ്രവർത്തകരെ തിരിച്ചെടുക്കാൻ നിർദേശം നൽകി. ചടങ്ങിൽ സംസാരിക്കുന്നതിനിടെ കെഎസ്ആർടിസി എംഡിക്കാണ് നിർദേശം നൽകിയത്.
പ്രസംഗത്തിനിടെ കൊട്ടാരക്കര എംഎൽഎ കൂടിയായ ധനമന്ത്രി കെഎൻ ബാലഗോപാലിനെ വേദിയിൽ പുകഴ്ത്താനും ഗതാഗത മന്ത്രി മറന്നില്ല. പണിമുടക്ക് ദിവസവും മന്ത്രി ബാലഗോപാൽ കൃത്യമായി ഫണ്ട് നൽകുന്നതു കൊണ്ടാണ് കെഎസ്ആർടിസി ജീവനക്കാർക്കു കൃത്യമായി ശമ്പളം നൽകാനാകുന്നതെന്നും അല്ലെങ്കിൽ ആനവണ്ടിയിലെ രണ്ട് ആനകളും രണ്ടു വഴിക്ക് പോകുമായിരുന്നുവെന്നും ഗതാഗത മന്ത്രി പറഞ്ഞു. ബസുകൾ എത്താതിരുന്ന ഗ്രാമീണ മേഖലകളിലേക്കു ചെറിയ ബസുകളുടെ സർവീസ് ആരംഭിച്ചത് കെഎസ്ആർടിസിക്ക് വൻ നേട്ടമായെന്നും കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസുകളിൽ 13 രൂപയ്ക്ക് കുടിവെള്ളം വിതരണം ചെയ്യാൻ പദ്ധതിയായി. വാഹനപ്പിഴ അടച്ചു തീർക്കാൻ ഇളവുകളോടെ അദാലത്ത് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി എംഡി ഡോ.പി.എസ്.പ്രമോജ് ശങ്കർ, എക്സിക്യുട്ടീവ് ഡയറക്ടർ ഷാജി, എടിഒ എ.അബ്ദുൾ നിഷാർ, നഗരസഭ ചെയർപഴ്സൻ അനിത ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam