
ആലപ്പുഴ: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സിപിഐ(എം) പ്രവർത്തകരെ ശിക്ഷിച്ചു. അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡിൽ പുത്രകരിയിൽ ബാബുരാജിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇതേ പ്രദേശത്തെ സിപിഎം പ്രവർത്തകരായ ദേവസ്വംകരിയിൽ വീട്ടിൽ അഖിൽ (34), വിഷ്ണു (34) എന്നിവരെയാണ് ശിക്ഷിച്ചത്. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി എച്ച് ഷുഹൈബാണ് ശിക്ഷ വിധിച്ചത്.
ബാബുരാജിന്റെ കയ്യിൽ കെട്ടിയ രാഖി വിഷ്‌ണു വലിച്ചു പൊട്ടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വിഷ്‌ണുവും ബാബുരാജും തമ്മിൽ ഇതേച്ചൊല്ലി തർക്കമുണ്ടായി. 2018 ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് 2.30ന് ചേർത്തല - തണ്ണീർമുക്കം റോഡിൽ ഗുണ്ടുവളവ് ജങ്ഷന് സമീപത്തുവച്ച് ബാബുരാജിനെ അഖിൽ തഞ്ഞു. ഇവർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അഖിൽ കരിങ്കല്ല് ഉപയോഗിച്ച് ബാബുരാജിൻ്റെ തലയ്ക്കടിച്ചു. ബാബുരാജിൻ്റെ തലയോട്ടി പൊട്ടി.
സംഭവത്തിൽ എസ്‌ഐ അജയ് മോഹനാണ് തുടക്കത്തിൽ കേസ് അന്വേഷിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. എസ് ഐ ടോൾസൺ പി ജെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ സഹായികളായി സി പി ഒ അമൽ, സി പി ഒ സുഹാസ് എന്നിവർ പ്രവർത്തിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ ബി ശാരി കോടതിയിൽ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam