ഇനി പൊളിക്കും, കെഎസ്ആർടിസി എംഡിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശം, ഡബിൾ ഡെക്കർ ഇനി തൃശ്ശൂരിലും

Published : Oct 11, 2025, 06:17 PM IST
ksrtc double decker

Synopsis

പുത്തൂർ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെടുത്തി തൃശൂരിൽ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിന് അനുമതി. 1.5 കോടിയുടെ ഇലക്ട്രിക് ഓപ്പൺ ഡെക്കർ ബസ് 'തൃശൂർ നഗര കാഴ്ചകൾ' എന്ന പേരിൽ നഗരം ചുറ്റി പാർക്കിലെത്തി മടങ്ങുന്ന രീതിയിലാകും സർവീസ് നടത്തുക.

തൃശൂർ : തൃശൂരിൽ പുത്തൂർ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെടുത്തി കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിന് അനുമതി ലഭിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. റവന്യൂ മന്ത്രി കെ രാജൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഡബിൾ ഡെക്കർ അനുവദിക്കുന്നതിനുള്ള തീരുമാനമെടുത്തത്. സുവോളജിക്കൽ പാർക്കിനകത്ത് മിനി ബസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലും മന്ത്രി കെ രാജൻ ഗതാഗത മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

1.5 കോടി രൂപയുടെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസാണ് തൃശൂരിലേക്ക് അനുവദിക്കുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. തൃശൂർ നഗര കാഴ്ചകൾ എന്ന പേരിലാണ് തൃശൂരിൽ ബസ് സർവ്വീസ് നടത്തുക. തൃശൂർ നഗരത്തിൽ നിന്നും യാത്ര ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി പുത്തൂർ സുവോളജിക്കൽ പാർക്കിനുള്ളിൽ ചുറ്റി നഗരത്തിൽ സമാപിക്കുന്ന രീതിയിലായിരിക്കും യാത്ര. മന്ത്രി കെ രാജൻ ആവശ്യപ്പെട്ടതു പോലെ അടിയന്തിരമായി ഡബിൾ ഡെക്കർ അനുവദിക്കുന്നതിന് കെഎസ്ആർടിസി എം ഡിക്ക് മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. തുറന്ന ഡബിൾ ഡെക്കർ ബസിൻ്റെ വരവോടെ പാർക്കിലേക്കും തൃശൂരിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യമായാണ് തൃശൂരിൽ ഇത്തരത്തിൽ മുകൾ ഭാഗം തുറന്ന ഒരു ഡബിൾ ഡെക്കർ ബസ് എത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്