കെടി ജലീൽ രാജിവയ്ക്കാത്തതിൽ കടകംപള്ളിയടക്കമുള്ളവരുടേത് പരിഹാസ്യമായ ന്യായം: കെസി ജോസഫ്

By Web TeamFirst Published Sep 12, 2020, 4:50 PM IST
Highlights

കെടി ജലീൽ വിഷയത്തിൽ കടകംപള്ളിയുടേത് പരിഹാസ്യമായ ന്യായമാണെന്ന് കെസി ജോസഫ് എംഎൽഎ.

തിരുവനന്തപുരം: കെടി ജലീൽ വിഷയത്തിൽ കടകംപള്ളിയുടേത് പരിഹാസ്യമായ ന്യായമാണെന്ന് കെസി ജോസഫ് എംഎൽഎ.  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം രാജിവച്ചില്ലെന്നും അതുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത കെടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ന്യായം കണ്ടെത്തുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രാഥമികമായ നിയമബോധമുള്ള ഒരാള്‍ക്കും ഉള്‍ക്കൊള്ളാന്‍  കഴിയുന്നതല്ല ഈ വാദഗതി. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത് സാക്ഷിയായിട്ടാണ്. അദ്ദേഹത്തിന്റെ വീട്ടില്‍പോയി സ്‌റ്റേറ്റ്‌മെന്റ് എടുക്കുക മാത്രമാണു ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 161 പ്രകാരമാണിത്.

വസ്തുതാന്വേഷണത്തിനായി സര്‍ക്കാര്‍  നിയോഗിച്ച  കമ്മീഷന്‍ എന്ന നിലയ്ക്കാണ് ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായത്. സോളാര്‍ കമ്മീഷനു മുന്നില്‍ തെളിവു നല്കാന്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാന്ദന്‍ തുടങ്ങിയ നേതാക്കളും ഹാജരായി.  കമ്മീഷന്‍ ഒരു കുറ്റാന്വേഷണ ഏജന്‍സിയല്ല. തുറന്ന കോടതി പോലെയാണതു പ്രവര്‍ത്തിച്ചത്. അവിടെ നടന്ന എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അപ്പപ്പോള്‍ അറിയാമായിരുന്നുവെന്ന് കെസി ജോസഫ് ചൂണ്ടിക്കാട്ടി.

എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തത് നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത്, കേന്ദ്രാനുമതി ഇല്ലാതെ വിദേശസഹായം സ്വീകരിക്കല്‍, പ്രതികളുമായുള്ള അടുത്ത ബന്ധം, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

മന്ത്രിയുടെ സംശയകരമായ പ്രവര്‍ത്തികളെയാണ് ഇഡി ചോദ്യം ചെയ്തത്. കുറ്റം ചെയ്തയാള്‍ എന്ന സംശയനിഴലിലാണ് മന്ത്രി. അതുകൊണ്ടാണ് അദ്ദേഹം അതീവ രഹസ്യമായി ചോദ്യം ചെയ്യലിനു പോയത്. രാജി വയ്ക്കുക എന്നതു മാത്രമാണ് മന്ത്രിയുടെ മുന്നിലുള്ള പോംവഴി. സിപിഎമ്മും ഇടതുസര്‍ക്കാരും അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും കെസി ജോസഫ് പറഞ്ഞു.

click me!