
ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്ഐ അതിക്രമം ജനാധിപത്യത്തിന്റെ കറുത്തമുഖമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. തുറന്ന് എഴുതുന്നവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുകയാണ്. വിനു വി ജോണിനെതിരെ എടുത്ത നടപടി നമ്മൾ കണ്ടതല്ലേ എന്ന് ചോദിച്ച കെ സി വേണുഗോപാൽ, ഇടത് ഭരണത്തിൽ വ്യക്തിയെ ബഹിഷ്കരിക്കുന്നതിനെയും മാധ്യമ സ്ഥാപനങ്ങൾ ആക്രമിക്കുന്നതിനെയും വിമര്‍ശിച്ചു.
നരേന്ദ്ര മോദിയെ മാതൃകയാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ സി വേണുഗോപാൽ വിമര്‍ശിച്ചു. മോദിക്കും പിണറായിക്കും ഒരേ ലക്ഷ്യമാണെന്നും ഇരുവരും ഒരു വഴിയിലൂടെ യാത്ര ചെയ്യുന്നവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം പാചക വാതകത്തിന് വില വർധിപ്പിക്കുമ്പോൾ ഇവിടെ ഇന്ധന സെസ് കൂടിയെന്നും കെ സി വേണുഗോപാൽ വിമര്‍ശിച്ചു. എം കെ രാഘവനെതിരെയും കെ സി വേണുഗോപാൽ വിമര്‍ശനം ഉന്നയിച്ചു. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. രാഘവൻ പ്ലീനറിയിൽ പങ്കെടുത്തിരുന്നു, അഭിപ്രായം അവിടെ പറയണമായിരുന്നു. പരസ്യ പ്രതികരണം പാർട്ടിക്ക് ഗുണം ചെയ്യില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടി ആയതിനാല്‍ വിമർശനങ്ങൾ സ്വാഭാവികമാണ്. പക്ഷേ അത് പറയേണ്ടത് പാര്‍ട്ടിക്കുള്ളിലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.