
കൊച്ചി: കേരളത്തിൽ യു ഡി എഫ് സർക്കാർ അധികാരത്തിലേറുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. 26 ദിവസത്തിനുള്ളിൽ കേരളത്തിലെ ഇടത് ദുർഭരണം അവസാനിക്കുമെന്ന് വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലടക്കം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കെ സി വേണുഗോപാലിന്‍റെ പ്രതികരണം. പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലഭിക്കുന്നുള്ളു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷൻ സാധാരണയിൽ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചത്. സി പി എം വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി സുധാകരനുമായി സംസാരിച്ചിട്ടില്ലെന്നും കെ സി വ്യക്തമാക്കി. അമ്പലപ്പുഴ സീറ്റിൽ വൈകാതെ തന്നെ തീരുമാനമെടുക്കും. കണ്ണൂരിലെ സീറ്റിന്‍റെ കാര്യത്തിൽ അതൃപ്തി പ്രകടമാക്കിയ കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരനുമായി സംസാരിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. മുസ്ലിം ലീഗുമായി ഒരു പ്രശ്‌നവുമില്ല. സീറ്റ് ധാരണയിൽ അവസാനവട്ട മിനുക്ക് പണിയാണ് നടക്കുന്നത്. എം പിമാർ മൽസരിക്കുമോ എന്നതിനും വൈകാതെ ഉത്തരമുണ്ടാകുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.
24 മണിക്കൂറിൽ യു ഡി എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുയുഗ പിറവിക്കായി കേരളം ഇക്കുറി വിധിയെഴുതുമെന്നും ടീം യു ഡി എഫ് 100 ലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലടക്കം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. കേരളത്തെ തകർത്തു തരിപ്പണമാക്കിയ സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. യു ഡി എഫിലെ സീറ്റ് ചർച്ച പൂർത്തിയാക്കിയെന്നും സതീശൻ വിവരിച്ചു. മുസ്ലിം ലീഗുമായുള്ള ചർച്ചകളിൽ ഏറെക്കുറെ തീരുമാനമായി. ഒരു മണിക്കൂർ ഇരുന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്ന് നേരത്തെ തന്നെ താൻ പറഞ്ഞതാണ്. ഇന്ന് അര മണിക്കൂറിൽ ലീഗുമായുള്ള ചർച്ച വിജയകരമായി പൂർത്തിയായെന്നും സതീശൻ വിവരിച്ചു. തിരുവമ്പാടി പട്ടാമ്പി വെച്ച് മാറലടക്കം എല്ലാ തീരുമാനങ്ങളും ഒരുമിച്ച് അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എം പിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പറഞ്ഞ സതീശൻ, കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. കെ സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നായിരുന്നു മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam