'ഇന്ന് കാണുന്ന കോൺഗ്രസിനെ കെട്ടിപ്പടുത്തത് കെഎസ്‌യുവിന്റെ പോരാട്ട വീര്യം'; വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി കെ.സി. വേണു​ഗോപാൽ

Published : Jul 17, 2026, 09:44 PM IST
KC Venugopal

Synopsis

കെഎസ്‌യു സംസ്ഥാന പ്രസിഡന്റും വി.ഡി. സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾക്കിടെ, കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് കെ.സി. വേണു​ഗോപാൽ ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇന്ന് കാണുന്ന കോൺഗ്രസിനെ കെട്ടിപ്പടുത്തത് കെഎസ്‌യുവിന്റെ പോരാട്ട വീര്യമാണെന്ന് അദ്ദേഹം കുറിച്ചു.

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കെ.സി. വേണു​ഗോപാൽ എംപി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾക്കിടയാണ് കെഎസ്‌യു പ്രവർത്തനകാലം അനുസ്മരിച്ചുള്ള വേണുഗോപാലിന്റെ കുറിപ്പ് എന്നതും ശ്രദ്ധേയം. ഇന്ന് കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കെട്ടിപ്പടുത്തത് കെഎസ്‌യുവിന്റെ പോരാട്ട വീര്യമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. കോൺഗ്രസ് നേതാവ് പ്രഫുല്ല ചന്ദ്രൻറെ അനുസ്മരണ കുറിപ്പിൽ ആണ് വേണുഗോപാൽ കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓർമിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളിലാണ് കെ.എസ്.യുവും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായത്. ​ഗവ. പ്ലീഡർമാരുടെ നിയമനത്തിൽ എബിവിപി, എസ്എഫ്ഐ പ്രവർത്തകരുണ്ടെന്നായിരുന്നു കെ.എസ്.യുവിന്റെ വിമർശനം. എന്നാൽ കെ.എസ്.യുവല്ല, സർക്കാറാണ് പ്ലീഡർമാരെ നിയമിക്കുന്നതെന്ന് സതീശൻ പറഞ്ഞതോടെ അഭിപ്രായ വ്യത്യാസം മൂർച്ഛിച്ചു. ഇന്ന് എറണാകുളത്ത് നടന്ന ചടങ്ങിൽ ഇരുവരും മുഖാമുഖം കണ്ടെങ്കിലും വി.ഡി. സതീശൻ മുഖം കൊടുത്തില്ല.

കെ.സി. വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഏറെ സങ്കടമുള്ള ഒരു ദിവസമായിരുന്നു ഇന്ന്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് കാലഘട്ടങ്ങളിൽ ഒപ്പം പ്രവർത്തിച്ച രണ്ട് സഹപ്രവർത്തകരുടെ വേർപാട് മനസ്സിലുണ്ടാക്കിയ മുറിവ് ചെറുതല്ല. അതിൽ ഒരാൾ പ്രിയപ്പെട്ട പ്രഫുലചന്ദ്രനാണ്.

മൂന്നരപ്പതിറ്റാണ്ട് കാലം മുൻപുള്ള ചോരമണം നിറഞ്ഞ ഓർമകളാണ് ആ മരണവിവരം കേട്ടതോടെ തിരയടിച്ചെത്തിയത്. 1989ൽ നടന്ന പാഠപുസ്തക സമരം കെഎസ് യു എന്ന വിദ്യാർഥി സംഘടനയുടെ വളർച്ചയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടായിരുന്നു. അന്ന് സെക്രട്ടറിയേറ്റ് മാർച്ചിനിടെ അറസ്റ്റ് ചെയ്ത ഞാനടക്കമുള്ള പ്രവർത്തകരെ നന്ദാവനം എആർ ക്യാമ്പിലെ അതിക്രൂര മർദനത്തിന് പൊലീസ് വിധേയമാക്കുമ്പോൾ, ഒപ്പം പ്രഫുലചന്ദ്രനുമുണ്ടായിരുന്നു.

ആദ്യകാലം എസ്എഫ്ഐക്കൊപ്പമായിരുന്നെങ്കിലും പിന്നീട് കെഎസ് യുവിനൊപ്പം അണിചേരുകയായിരുന്നു പ്രഫുലചന്ദ്രൻ. നിസ്വാർത്ഥമായ സജീവ പ്രവർത്തനം കൊണ്ട് ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ടവനായി പ്രഫുലചന്ദ്രൻ മാറിയിരുന്നു. കെഎസ് യു വിന് ശേഷം യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാതെ സേവാദളിൽ ചേർന്ന പ്രഫുലചന്ദ്രൻ, പടിപടിയായി ഉയർന്ന്‌ സംസ്ഥാന ഓർഗനൈസർ പദവിയിൽ വരെയെത്തി. അതിനുശേഷം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വൈസ് പ്രസിഡന്റ്‌ സ്ഥാനം വരെയെത്തി. അവസാനകാലം വരെയും തിരുവനന്തപുരം പെരിങ്ങമല പ്രദേശത്തെ പാർട്ടിയുടെ പ്രധാന മുഖങ്ങളിൽ ഒന്നായി പ്രഫുലചന്ദ്രൻ തുടർന്നു.

ഇന്ന് പ്രഫുലചന്ദ്രന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ നിന്നപ്പോൾ, നന്ദാവനത്തെ അതിക്രൂരമായ ലാത്തിച്ചാർജിന്റെ ഓർമ്മകളാണ് മനസ്സിലേക്ക് ഓടിയെത്തിയത്. എനിക്കും മുൻപേ ആദ്യത്തെ ലാത്തിയടി വീണത് പ്രഫുലൻ്റെ ശരീരത്താണ്. അതിക്രൂരമായ മർദ്ദനമേറ്റ് ഞങ്ങളെല്ലാം ചോരയിൽകുളിച്ച് നിൽക്കുമ്പോഴും സ്വന്തം വേദന വകവയ്ക്കാതെ മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസിനോട് അലമുറയിടുന്ന പ്രഫുലനെ മറക്കാൻ അക്കാലത്തെ ഞങ്ങളുടെ കെഎസ് യു തലമുറയ്ക്ക് കഴിയില്ല. പിന്നെയും ഒട്ടേറെ വിദ്യാർത്ഥി, യുവജന സമരമുഖങ്ങളിൽ അതിലും ഏറെ വീറോടെ കണ്ടിട്ടുണ്ട്. മനസ്സിനും ശരീരത്തിനുമേറ്റത് ഒരു കാലത്തിനും മറക്കാൻ കഴിയാത്ത മുറിവുകളാണെന്ന് പ്രഫുലചന്ദ്രനുമായുള്ള അവസാന കൂടിക്കാഴ്ച പോലും എന്നോട് പറയുന്നുണ്ട്.

കെഎസ്‍യുവാണ് എന്നെയും പ്രഫുലചന്ദ്രനെയും ഒന്നിപ്പിച്ചത്, ഞങ്ങളെയെല്ലാം ഒന്നിച്ചുചേർത്തത്. ഇന്ന് ഇക്കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും കെഎസ്‌യുവിന്റെ പോരാട്ടവീര്യം തന്നെ. പ്രഫുലചന്ദ്രന്റെ ഓർമ്മകൾക്ക് മുന്നിൽ, ഒരു പഴയ കെഎസ് യു സഹപ്രവർത്തകൻ്റെ വികാരവായ്പോടെ ഹൃദയാഞ്ജലികൾ അർപ്പിക്കുന്നു.

കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും സഹപ്രവർത്തകനായിരുന്ന മാരായമുട്ടം സുരേഷും വിദ്യാർത്ഥി യുവജന സമരമുഖങ്ങളിൽ നെഞ്ചുവിരിച്ചുനിന്ന് പ്രസ്ഥാനത്തെയും പ്രവർത്തകരെയും സംരക്ഷിച്ച നേതാവാണ്. സെക്രട്ടറിയേറ്റിന് മുന്നിലും തലസ്ഥാനത്തെ നഗരവീഥികളിലും നിരവധി സമരമുഖങ്ങളിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും ജില്ലാസെക്രട്ടറിയായ സുരേഷ് പിന്നീട് ഡിസിസി ജനറൽ സെക്രട്ടറിയുമായി. ഒരു പ്രതിസന്ധിയിലും പതറാത്ത പോരാളിയായിരുന്നു സുരേഷ്. സഹപ്രവർത്തകരോടും പ്രസ്ഥാനത്തോടും അചഞ്ചലമായ കൂറും പ്രതിബദ്ധതയും മരണം വരെയും പുലർത്തിയ സുരേഷിന്റെ വേർപാട് ഞങ്ങൾക്കെല്ലാം വലിയ നഷ്ടമാണ്. ആദരാഞ്ജലികൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

14ാം വയസ്സിലെ പ്രീഡിഗ്രി നൊസ്റ്റുവായി മുഖ്യമന്ത്രി; 'ഞാൻ തെങ്ങിൽ കയറിയത് പ്രിൻസിപ്പാൾ ബൈനോക്കുലർ വെച്ച് നോക്കി, പിന്നെ രണ്ട് വർഷം നോട്ടപ്പുള്ളി'
സംസ്ഥാന സർക്കാരിനെതിരെ വീണ ജോർജ്ജ്: പവർ കട്ടിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം അതീവ ഗുരുതരമെന്ന് വിമർശനം