ദേശീയപാത വിഷയങ്ങളിൽ സുപ്രധാന ഇടപെടലുമായി കെ സി വേണുഗോപാൽ എംപി; 'വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സംവിധാനം കുറ്റമറ്റ രീതിയിൽ ഉടൻ നടപ്പാക്കണം'

Published : Jun 23, 2026, 05:45 PM IST
KC Venugopal

Synopsis

ആലപ്പുഴയിൽ ചേർന്ന ദിശ യോഗത്തിൽ ദേശീയപാത വികസനം മൂലമുള്ള വെള്ളക്കെട്ട് തടയാൻ കെ സി വേണുഗോപാൽ എംപി അടിയന്തര നടപടിക്ക് നിർദ്ദേശിച്ചു. കായംകുളത്തെ ഉയരപ്പാത, മത്സ്യത്തൊഴിലാളി വിദ്യാർഥികളുടെ വിദ്യാഭ്യാസ ലോൺ, എം.പി.ലാഡ്സ് പദ്ധതികളുടെ പുരോഗതി എന്നിവയും യോഗം ചർച്ച ചെയ്തു.

ആലപ്പുഴ: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പാതയോരങ്ങളിലെ വീടുകളിൽ മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടാകുന്നത് തടയാൻ ദേശീയപാത അതോറിറ്റി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ സി വേണുഗോപാൽ എംപി നിർദ്ദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലയിലെ പുരോഗതി വിലയിരുത്തുന്നതിനായി ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ദിശ കോ-ചെയർമാൻ കൊടിക്കുന്നിൽ സുരേഷ് എം.പിയും സന്നിഹിതനായിരുന്നു.

ദേശീയപാത നിർമ്മാണം തുടങ്ങുന്നതിന് മുൻപ് സമീപപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്നത് തടയാൻ ശാസ്ത്രീയമായ പദ്ധതികൾ തയ്യാറാക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. പാതയോരങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓട സംവിധാനം കുറ്റമറ്റ രീതിയിൽ ഉടൻ നടപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു. കായംകുളത്ത് ഉയരപ്പാത (എലവേറ്റഡ് ഹൈവേ) നിർമ്മിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണം. ഇതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ല. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ എൻ.എച്ച്.എ.ഐ ചെയർമാനുമായി ഉടൻ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാർഥികൾക്ക് ബാങ്കുകൾ വിദ്യാഭ്യാസ ലോൺ ഉറപ്പാക്കണമെന്നും ഇതിൽ കാലതാമസം വരുത്തരുതെന്നും എം.പി പറഞ്ഞു. ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ എത്ര വിദ്യാർഥികൾക്ക് ഇതുവരെ വിദ്യാഭ്യാസ ലോൺ അനുവദിച്ചിട്ടുണ്ടെന്നതിനെപ്പറ്റി വിശദമായ റിപ്പോർട്ട് നൽകാൻ ലീഡ് ബാങ്ക് മാനേജറോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ എത്ര കയർ-മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുദ്ര ലോൺ അനുവദിച്ചിട്ടുണ്ടെന്ന റിപ്പോർട്ടും സമർപ്പിക്കണം.

തൊഴിലുറപ്പ് പദ്ധതിയിൽ സാധ്യമായ പരമാവധി ജോലികൾ കണ്ടെത്തി കൂടുതൽ പേർക്ക് തൊഴിൽ നൽകണം. പദ്ധതി നടപ്പാക്കുന്നതിൽ പിന്നിൽ നിൽക്കുന്ന ബ്ലോക്കുകളിലെ ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ജല്‍ജീവന്‍ മിഷൻ പദ്ധതിക്ക് മുന്തിയ പരിഗണന നൽകി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ആലപ്പുഴ ജില്ലയിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിലെ എം.പി.ലാഡ്സ് പദ്ധതികളുടെ നിർവ്വഹണം മന്ദഗതിയിലാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ചൂണ്ടിക്കാട്ടി.

കളക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ എം.പി ലാഡ്സ് പദ്ധതികളുടെ പ്രത്യേക അവലോകനയോഗം ചേർന്ന് പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ എം.പി ആവശ്യപ്പെട്ടു. മാവേലിക്കര, ചെങ്ങന്നൂർ ആശുപത്രികളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളിൽ എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്കൃത പദ്ധതികൾ ജില്ലയുടെ സമഗ്ര വികസനത്തിനാണെന്നും, തുകകൾ ഫലപ്രദമായി ചെലവഴിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. ജില്ലാ കളക്ടറും ദിശ മെമ്പർ സെക്രട്ടറിയുമായ ഷാജി വി. നായർ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ സി. ശ്രീലേഖ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജയ്പൂരില്‍ കൊട്ടാരവും അതിഥികൾക്കായി രണ്ട് ചാർട്ടേഡ് വിമാനങ്ങളും വരെ ഒരുക്കി, പക്ഷേ വിധി മറ്റൊന്നായിരുന്നു; യുവാവിനെ പ്രതിശ്രുത വധു കൊന്നു
ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്നത് ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റോടു കൂടിയ മാല; കൈക്കലാക്കിയ പ്രതികൾ പിടിയിൽ