
ആലപ്പുഴ: സിപിഎം വേദികളിൽ നിന്ന് പൂർണമായും മാറ്റിനിർത്തപ്പെട്ട ജി സുധാകരനെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വീട്ടിലെത്തി കണ്ടു. സൗഹൃദ സന്ദർശനം മാത്രമെന്ന് കെസി വേണുഗോപാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. സ്വന്തം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നടന്ന ഏരിയാ സമ്മേളനത്തിൽ പോലും തീർത്തും ഒഴിവാക്കപ്പെട്ടതോടെ പാർട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരൻ. ഈ സാഹചര്യത്തിലാണ് സന്ദർശനം. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയിൽ എത്തിയാണ് കെ സി വേണുഗോപാൽ അദ്ദേഹത്തെ കണ്ടത്.
പിന്നീട് പ്രതികരിച്ച കെസി വേണുഗോപാൽ തങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും സൗഹൃദ സന്ദർശനം മാത്രമാണെന്നും പറഞ്ഞു. രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ അതൃപ്തനാണെന്ന് ആരാണ് പറഞ്ഞതെന്നായിരുന്നു കെസി വേണുഗോപാലിൻ്റെ സന്ദർശനത്തിൻ്റെ പിന്നാലെയുള്ള ജി സുധാകരൻ്റെ ചോദ്യം. തങ്ങൾ ദീർഘകാലം നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്നവരാണ്. താൻ കൂടി അംഗീകരിച്ചതാണ് പാർട്ടിയിലെ പ്രായ നിബന്ധനയെന്നും അദ്ദേഹം പറഞ്ഞു.
സുധാകരനെ കാണുന്നതിന് മുൻപ് സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് വോട്ട് ചോർച്ചയുള്ളതായി അദ്ദേഹം വിമർശിച്ചിരുന്നു. സിപിഎം കോട്ടകളിൽ ബിജെപി വോട്ട് കൂടിയെന്നും അവർക്കിടയിൽ നിന്നാണ് ചോർച്ച ഉണ്ടായതെന്നും പറഞ്ഞ അദ്ദേഹം അത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു. സിപിഎം ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നില്ല. ചോർച്ച ഇല്ലാതെ നോക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഞങ്ങളുമായി ഡീൽ ഉണ്ടെന്നായിരുന്നു ആരോപണം. പക്ഷെ ആളുകൾ പോകുന്നത് അവരുടെ കൂട്ടത്തിൽ നിന്നാണ്. അക്കാര്യം ശ്രദ്ധിക്കേണ്ടത് അവരാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam