ആഴക്കടൽ മത്സ്യബന്ധന വിവാദം: 'എല്ലാ നടപടികളും പിന്‍വലിക്കണം' സര്‍ക്കാരിനെതിരെ കെസിബിസി

By Web TeamFirst Published Feb 23, 2021, 5:10 PM IST
Highlights

തീരദേശത്തിന്‍റെ ആവശ്യത്തോട് സൃഷ്ടിപരമായ പ്രതികരണം സര്‍ക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി അറിയിച്ചു. 

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തില്‍‌ സര്‍ക്കാരിനെതിരെ കെസിബിസി. ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നാണ് കെസിബിസിയുടെ അറിയിപ്പ്. പ്രതിപക്ഷ പ്രതിഷേധത്തിന് ഒടുവിലാണെങ്കിലും ധാരണാപത്രം പിൻവലിച്ചത് ആശ്വാസകരമാണ്. എന്നാൽ എല്ലാ നടപടികളും പിന്‍വലിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ഏത് വിധത്തിൽ പദ്ധതി നടപ്പായാലും തീരദേശവാസികള്‍ക്ക് ഭക്ഷണം ഇല്ലാതാകും. തീരദേശത്തിന്‍റെ ആവശ്യത്തോട് സൃഷ്ടിപരമായ പ്രതികരണം സര്‍ക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി അറിയിച്ചു. 

അതേസമയം കെഎസ്‌ഐഎൻസിയും  ഇഎംസിസിയും ചേര്‍ന്ന് ഒപ്പിട്ട 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കി. സർക്കാരിന്‍റെ നയങ്ങൾക്ക് വിരുദ്ധമാണ് ധാരണാപത്രമെന്ന് കണ്ടതിനെ തുടർന്നാണ് റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കരാര്‍ ഒപ്പിടാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ അഡീ. ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തി. കരാർ ഒപ്പിടേണ്ട സാഹചര്യത്തെക്കുറിച്ച് പരിശോധിക്കാനാണ് ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയത്. ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് സെക്രട്ടറി കൂടിയാണ് ടി.കെ.ജോസ്. വകുപ്പ് സെക്രട്ടറി പോലും അറിയാതെയാണ് കരാര്‍ ഒപ്പിട്ടതെന്ന് നേരത്തെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. 

click me!