
കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾക്ക് തുല്യ നീതി ഉറപ്പാക്കുന്നതിന് നിയമ നിർമ്മാണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് കെസിബിസി. ഹൈക്കോടതിയുടെ വിധി കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയ പാലൊളി മുഹമ്മദ് കുട്ടി സ്വാഗതം ചെയ്തത് പ്രതീക്ഷക്ക് വക നൽകുന്നുണ്ടെന്നും കെസിബിസി വ്യക്തമാക്കുന്നു.
ശാസ്ത്രീയ പഠനം നടത്താതെയാണ് ന്യൂനപക്ഷക്ഷേമപദ്ധതികളിലെ അനുപാതം സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറക്കിയത്. ഇക്കാര്യം ഹൈക്കോടതിയുടെ വിധിയിൽ വ്യക്തമാണ്. ന്യൂനപക്ഷ ക്ഷേമം എന്നത് എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും ക്ഷേമം എന്നായിരിക്കണം.
നിക്ഷിപ്ത താൽപ്പര്യങ്ങൾ വച്ചോ രാഷ്ട്രീയലാഭം നോക്കിയോ മാത്രം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതിനും സാമൂഹിക അസന്തുലിതാവസ്ഥക്കും കാരണമാകുമെന്നും കെസിബിസി വ്യക്തമാക്കി.
മുഖ്യമന്ത്രി ഭരണ ഘടന വിഭാവനം ചെയ്യുന്നതുപോലെ ഓരോ വിഭാഗത്തിനും അർഹിക്കുന്ന പരിഗണന കൊടുത്ത് പദ്ധതികൾ വിഭാവനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam