വിഴിഞ്ഞം പദ്ധതിക്കെതിരല്ലെന്ന് കെസിബിസി: ആശങ്ക മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം അടക്കമുള്ള വിഷയങ്ങളിൽ

By Web TeamFirst Published Dec 7, 2022, 4:10 PM IST
Highlights

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തങ്ങൾ എതിരല്ലെന്ന്  കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ പറഞ്ഞു.

കൊച്ചി: കെസിബിസി യുടെ പുതിയ അധ്യക്ഷനായി കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ്  കാതോലിക്കാ ബാവയെ തെരെഞ്ഞെടുത്തു. മാർ പോളി കണ്ണുക്കാടൻ ആണ് വൈസ് പ്രസിഡൻ്റ്.  ഡോ. അലക്സ് വടക്കുംതലയെ സെക്രട്ടറി ജനറലായും തെര‍ഞ്ഞെടുത്തിട്ടുണ്ട്. 

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തങ്ങൾ എതിരല്ലെന്ന്  കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കുകയാണ് ആവശ്യമെന്നും ഇക്കാര്യത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും സമയബന്ധിതമായ ഇടപെടൽ ഉണ്ടാകണമെന്നും കര്‍ദനിനാൾ മാര്‍ ബസേലിയോസ് വ്യക്തമാക്കി.

പരസ്പര സഹകരണത്തോടെ മാത്രമേ ശാശ്വതമായ പരിഹാരം ഉണ്ടാകൂ. ഒത്തുതീർപ്പ് ചർച്ചയിൽ സർക്കാർ രേഖാമൂലം ഉറപ്പുകൾ നൽകിയിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷണസമിതി പരിശോധിക്കും.  സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളിൽ വഴിവിട്ട ഇടപെടൽ നടത്തില്ല. സഭാ വികസനത്തിനെതിരായി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. നിൽക്കുകയുമില്ല.  തുറമുഖം വരുമ്പോൾ പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ആയിരുന്നു സഭയുടെ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ ഇരു വിഭാഗവും സമവായത്തിലെത്തണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് അഭ്യര്‍ത്ഥിച്ചു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോടും ബിഷപ്പ്  ആൻഡ്രൂസ് താഴത്തിനോടും ആണ് ജസ്റ്റിസ് കുര്യൻ ജോസഫ് ഈ അഭ്യ‍ര്‍ത്ഥന നടത്തിയത്. വിഷയത്തില്‍ ചര്‍ച്ചയിലൂടെ സമവായത്തിലെത്തണമെന്ന് ആണ് മുൻ സുപ്രിം കോടതി ജഡ്ജിയായ ജസ്റ്റിസ് കുര്യൻ ജോസഫ് പറയുന്നത്. ഈ പോക്ക് അപകടകരമാണ്. പൊലീസ് സംരക്ഷണയിൽ അല്ല കുര്‍ബാന അര്‍പ്പിക്കേണ്ടത്.  ഇക്കാര്യത്തിൽ ഇരുവിഭാഗവും പരസ്യഅഭിപ്രായ  പ്രകടനം ഒഴിവാക്കണം. ഈ ക്രിസ്മസ് കാലത്ത് അനുര‍ഞ്ജനത്തിന്‍റേയും സ്നേഹത്തിന്‍റേയും പുതിയ തുടക്കമിടണമെന്നും  ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. 

tags
click me!