അടിമുടി മാറ്റത്തിനൊരുങ്ങി കേരള കോൺ​ഗ്രസ് എം: സിപിഎം മാതൃകയിൽ കേഡർ സംവിധാനത്തിലേക്ക് മാറും

By Web TeamFirst Published May 31, 2021, 3:18 PM IST
Highlights

ഇടത് പ്രവേശനത്തിന് ശേഷം മികച്ച മുന്നേറ്റമാണ് കേരള കോണ്‍ഗ്രസ് എം നടത്തിയത്. ഇതിന് പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സമാനമായ രീതിയിൽ പാർട്ടിയുടെ ഭരണഘടന പൊളിച്ചെഴുത്താൻ കേരള കോൺ​ഗ്രസ് എം തയ്യാറാകുന്നത്

കോട്ടയം: ഇടതു മുന്നണി പ്രവേശനത്തിനു പിന്നാലെ പാർട്ടി സംവിധാനത്തിൽ അടിമുടി മാറ്റത്തിനൊരുങ്ങി കേരള കോണ്‍ഗ്രസ്. സിപിഎം സിപിഐ മാതൃകയിൽ കേഡർസംവിധാനത്തിലേക്ക് മാറാനാണ് ആലോചന. അംഗങ്ങളിൽ നിന്ന് ലെവി   അടക്കം പിരിക്കുന്നതിനുളള നടപടികൾക്ക് അടുത്ത് സറ്റിയറിംഗ് കമ്മിറ്റി യോഗത്തോടെ തീരുമാനമാകുമെന്ന് ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ഇടത് പ്രവേശനത്തിന് ശേഷം മികച്ച മുന്നേറ്റമാണ് കേരള കോണ്‍ഗ്രസ് എം നടത്തിയത്. ഇതിന് പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സമാനമായ രീതിയിൽ പാർട്ടിയുടെ ഭരണഘടന പൊളിച്ചെഴുത്താൻ കേരള കോൺ​ഗ്രസ് എം തയ്യാറാകുന്നത്. മെമ്പർഷിപ് ക്യാമ്പയിൻ അടക്കം സംഘടിപ്പിച്ച് കേഡർ സംവിധാനത്തിലേക്ക് പാ‍ർട്ടിയെ കൊണ്ട് വരാനാണ് തീരുമാനം. പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനായി  
സാധാരണ അംഗത്വം, സജീവ അംഗത്വം എന്നിങ്ങനെ അംഗത്വത്തെ വേർതിരിക്കും. 

ഇതിന് പുറമെ പാർട്ടിയുടെ സ്ഥാനം ലഭിച്ചവരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ലെവി അടക്കം പിരിക്കാൻ പാർലമെന്‍ററി പാർട്ടി അംഗീകാരം നൽകി. അന്തിമ തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഉണ്ടാകും. ജോസ് കെ മാണിയുടെ നീക്കം കേരള കോണ്‍ഗ്രസിന കമ്മ്യൂണിസ്റ്റ് വത്കരിക്കാനാണെന്ന് വിമർശനവും ഉയരുന്നുണ്ട്. 

പാലായിലെ ജോസിന്‍റെ തോൽവിയ്ക്ക് പാർട്ടിയിലെ താഴെ തട്ടിലുളള ഏകോപന കുറവ് കാരണമായെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇതോടെയാണ് പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ കൂടിയാണ്  പുതിയ പരിഷ്ക്കാരങ്ങൾക്ക് തുടക്കമിടുന്നത്.കേരള കോൺ​ഗ്രസ് രൂപീകരിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഭരണഘടനയിൽ വലിയ ഒരു അഴിച്ചു പണി ഉണ്ടാകുന്നത്. ഡെപ്യൂട്ടി ചെയർമാന് കൂടുതൽ 
അധികാരങ്ങൾ നൽകുന്ന ഭരണഘടന വെച്ചാണ് ജോസഫ് വിഭാഗം നേരത്തെ പാർട്ടിയിൽ വെല്ലുവിളി ഉയർത്തിയത്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. യുവാക്കളെ അടക്കം പാർട്ടിയിലേക്ക് ആകർഷിക്കാനും പ്രവർത്തകരിൽ അച്ചടക്കം കൊണ്ടുവരാനും പുതിയ പരിഷ്കാരങ്ങൾക്ക് ആകുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.

click me!