കൊവിഡ്: കാസര്‍കോട് ആശ്വാസം, കോഴിക്കോട് ആശങ്ക, കേരളത്തില്‍ 8 പുതിയ രോഗികള്‍

By Web TeamFirst Published Apr 5, 2020, 5:22 PM IST
Highlights

പതിവുപോലെ ഞായറാഴ്ച വാർത്താ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിവാക്കിയ സാഹചര്യത്തിൽ വാർത്താക്കുറിപ്പിലൂടെ സംസ്ഥാന സർക്കാർ ഇന്നത്തെ കൊവിഡ് ബാധയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയായിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് സർക്കാർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ നാല് പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ദില്ലിയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നും വന്ന പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആറ് പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും നാല് പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

ലോകത്തെ 207 രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,221 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,300 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

click me!