
തൃശൂർ: ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളർച്ച കാർഷികമേഖലയിൽ കേരളം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ സാമ്പത്തിക വർഷം ദേശീയതലത്തിൽ കാർഷികമേഖല 2.1 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, കേരളം 4.65 ശതമാനം വളർച്ച നേടിയതായി അദ്ദേഹം പറഞ്ഞു. കർഷക ദിനാഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കർഷകരുടെ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ കൃഷിവകുപ്പ് നടപ്പാക്കി. 'മിഷൻ 2026', 'മിഷൻ 2033' എന്നീ ഹ്രസ്വ-ദീർഘകാല കാർഷിക പദ്ധതികളും സമഗ്ര കാർഷിക വിള ഇൻഷുറൻസ് പദ്ധതിയും ഇതിന് ഏറെ സഹായകമായി. കൂടാതെ, നെല്ലിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 3108 കിലോയായി വർദ്ധിപ്പിക്കാനും, 'കേരഗ്രാമം' പദ്ധതിയിലൂടെ നാളികേര കൃഷിയിൽ 54% വളർച്ച നേടാനും ഈ സർക്കാരിന്റെ കാലയളവിൽ സാധിച്ചു. പച്ചത്തേങ്ങ സംഭരണം 6.28 ലക്ഷം ടണ്ണിൽ നിന്ന് 17.20 ലക്ഷം ടണ്ണായി വർദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാനം, വിപണിയിലെ അനിശ്ചിതത്വം, വന്യമൃഗ ആക്രമണങ്ങൾ തുടങ്ങിയ വെല്ലുവിളികൾ കാർഷിക മേഖല നേരിടുന്നുണ്ട്. ഈ പ്രതിസന്ധികളെ മറികടക്കുന്നതിനായി ലോകബാങ്കിന്റെ സഹകരണത്തോടെ 2365 കോടി രൂപയുടെ 'കേര പദ്ധതി' നടപ്പാക്കിവരികയാണ്. നാല് ലക്ഷം കർഷകർക്ക് നേരിട്ടും പത്ത് ലക്ഷം കർഷകർക്ക് പരോക്ഷമായും ഇതിന്റെ പ്രയോജനം ലഭിക്കും. 40 വർഷത്തിനുശേഷമാണ് കാർഷിക മേഖലയ്ക്ക് ഇങ്ങനെയൊരു ബൃഹദ് പദ്ധതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൂതന സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് കാർഷിക കലണ്ടറിൽ മാറ്റങ്ങൾ വരുത്താനും, മൂല്യവർദ്ധിത ഉത്പന്ന രംഗത്ത് മുന്നേറ്റം നടത്താനും സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 150-ൽ അധികം അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് തുടക്കമിടാനും, 'ഒരു കൃഷിഭവൻ ഒരു മൂല്യവർദ്ധിത ഉത്പന്നം' എന്ന ലക്ഷ്യത്തോടെ 200-ൽ അധികം ഉത്പന്നങ്ങൾ വിപണനത്തിന് തയ്യാറാക്കാനും കഴിഞ്ഞു. വന്യമൃഗശല്യം തടയാൻ കേന്ദ്ര നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും, സംസ്ഥാന സർക്കാർ പ്രായോഗികമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പരിപാടിയിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, റവന്യൂ മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കർഷകരാണ് കേരളത്തിന്റെ യഥാർത്ഥ ബ്രാൻഡ് അംബാസിഡർമാരെന്നും, മൂല്യവർദ്ധനവിലൂടെ കൃഷിയിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സർക്കാർ സഹായിച്ചെന്നും മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. കൃഷിഭവനുകൾ സ്മാർട്ടാക്കുന്നതിലും സംയോജിത കാർഷിക പദ്ധതികൾ നടപ്പാക്കുന്നതിലും കൃഷിവകുപ്പ് മികച്ച പ്രവർത്തനം കാഴ്ചവെച്ചതായി മന്ത്രി ഡോ. ആർ. ബിന്ദുവും പറഞ്ഞു.
വേദിയിൽ വെച്ച് മുതിർന്ന കർഷകൻ ജോസഫ് പള്ളൻ, കർഷകത്തൊഴിലാളി സംഗീത എ.ആർ. എന്നിവരെ മന്ത്രി കെ. രാജൻ ആദരിച്ചു. മന്ത്രിമാരായ പി. പ്രസാദും കെ. രാജനും ചേർന്ന് സംസ്ഥാന കർഷക അവാർഡ് ജേതാക്കൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. അവാർഡ് ജേതാക്കളുടെ വിജയഗാഥ കോർത്തിണക്കിയ 'ഹരിതഗാഥ' എന്ന പുസ്തകം മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam