Latest Videos

Actress Attack case : തന്നെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നടി; മുഖ്യമന്ത്രിക്ക് കത്ത്

By Web TeamFirst Published Jan 3, 2022, 3:43 PM IST
Highlights

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചതോടെ പ്രതിസന്ധിയാണ്. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജി വെക്കുന്നത്

തിരുവനന്തപുരം: കേരളത്തിൽ ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിൽ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി. തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ (Actress Attack Case) അസാധാരണ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (Special Prosecutor) അഡ്വക്കറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചതോടെയാണ് പ്രതിസന്ധി. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചത്.

വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതികൂലമായി നിലപാടെടുക്കുന്നുവെന്നും ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ ആരോപിച്ചത്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു. 

കേസിൽ നടൻ ദിലീപിന് എതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ മുഖ്യപ്രതി സുനിൽ കുമാർ ദിലീപിന് കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. നെടുമ്പാശേരി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തിലെ ഡിവൈഎസ്പി ബൈജു പൗലോസാണ് അപേക്ഷ നൽകിയത്. പ്രോസിക്യൂഷന്റെ അപേക്ഷയിൽ വിചാരണ കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
 

click me!