'കേര' പദ്ധതിക്ക് അംഗീകാരം വേഗത്തില്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് സംസ്ഥാനം

Published : Jul 13, 2023, 10:51 PM IST
'കേര' പദ്ധതിക്ക് അംഗീകാരം വേഗത്തില്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് സംസ്ഥാനം

Synopsis

കാലാവസ്ഥാ അനുകൂല കൃഷി മുറകൾ, കാർഷിക ഉത്പാദനങ്ങളിലെ മൂല്യവർദ്ധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക ഉദ്ധാരണം തുടങ്ങി കാർഷിക മേഖലയുടെ സമഗ്ര പുനരുജ്ജീവനമാണ് അഞ്ചുവർഷത്തെ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനും അതിജീവന കൃഷി സാധ്യമാക്കുന്നതിനുമായി ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് കൃഷി - കാർഷിക അനുബന്ധ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കേരള സാമ്പത്തിക പുനരുദ്ധാരണ പദ്ധതി (കേരള എക്കണോമിക് റിവൈവൽ പ്രോഗ്രാം-KERA) യുടെ അംഗീകാരം ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്രം ത്വരിതപ്പെടുത്തണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. പദ്ധതിയുടെ  ഫണ്ടിംഗ്, അംഗീകാരം എന്നിവ സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. 

280 മില്യൺ ഡോളറിന്റെ പദ്ധതിയിൽ 200 മില്യൺ യുഎസ് ഡോളറാണ് ലോകബാങ്ക് വായ്പയായി പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ അനുകൂല കൃഷി മുറകൾ, കാർഷിക ഉത്പാദനങ്ങളിലെ മൂല്യവർദ്ധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക ഉദ്ധാരണം തുടങ്ങി കാർഷിക മേഖലയുടെ സമഗ്ര പുനരുജ്ജീവനമാണ് അഞ്ചുവർഷത്തെ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനത്തിനും നടത്തിപ്പിനുമായുള്ള കൺസൾട്ടൻസികളുടെ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലായ സ്ഥിതിക്ക് ഫണ്ടിങ് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പദ്ധതിയുടെ അടുത്തഘട്ട നടത്തിപ്പിന് ആവശ്യമായ അനുമതികൾ വേഗത്തില്‍ ലഭ്യമാക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കാർഷികോല്പാദന കമ്മീഷണർ ഡോ.ബി. അശോക്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്, അഡീഷണൽ ഡയറക്ടർ ജോർജ്ജ് സെബാസ്റ്റ്യൻ, പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. പി രാജശേഖരൻ എന്നിവർ  കേന്ദ്രമന്ത്രിയുമായുള്ള കൂടി കാഴ്ചയിൽ പങ്കെടുത്തു.

Read also:  പ്രളയക്കെടുതി: ഹിമാചൽ പ്രദേശിൽ മരണം 91; ദില്ലിയിൽ ചെങ്കോട്ട അടച്ചു, കര കവിഞ്ഞ് യമുന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ