നേതാവിനെതിരായ നടപടി പിൻവലിക്കാമെന്ന് മന്ത്രിമാരുടെ ഉറപ്പ്; കാർഷിക സർവകലാശാലയിൽ സമരം അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ

By Web TeamFirst Published Dec 1, 2022, 2:34 PM IST
Highlights

വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് സമര സമിതി കൃഷി മന്ത്രിക്ക് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്

തൃശ്ശൂർ: കേരള കാർഷിക സർവ്വകലാശാലയിൽ ഇടത് ഉദ്യോഗസ്ഥ സംഘടന നടത്തിവന്ന സമരം അവസാനിപ്പിച്ചു. സിപിഎം അനുകൂല സംഘടന 51 ദിവസമായി നടത്തിയ സമരമാണ് പിൻവലിച്ചത്. ഇന്നലെ കൃഷി, റവന്യൂ മന്ത്രിമാരുമായി സമരസമിതി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. സംഘടനാ ജനറൽ സെക്രട്ടറിക്കെതിരായ തരംതാഴ്‌ത്തൽ മരവിപ്പിച്ച് ഉത്തരവിറക്കുമെന്ന മന്ത്രിമാരുടെ ഉറപ്പിലാണ് സമരം പിൻവലിച്ചത്. അന്യായമായ സ്ഥലം മാറ്റം പുനപ്പരിശോധിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും സമര സമിതി പറയുന്നു.

വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് സമര സമിതി കൃഷി മന്ത്രിക്ക് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. സമര സമിതിയുടെ കത്ത് പരിഗണിച്ച് കൃഷി മന്ത്രി പി പ്രസാദ് സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചത്. രമ്യാ ഹരിദാസ് എംപിയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിനാണ് ഉദ്യോഗസ്ഥനെതിരെ നേരത്തെ സർവകലാശാല തരംതാഴ്ത്തൽ നടപടിയെടുത്തത്.

കേരള കാർഷിക സർവകലാശാല എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി വി ഡെന്നിയാണ് നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥൻ. ഇതിനെതിരായാണ് അസോസിയേഷൻ സമരം തുടങ്ങിയത്. ഓഫീസ് ഉപരോധിച്ചായിരുന്നു സമരം. സർവകലാശാല രജിസ്ട്രാര്‍ക്ക് ഇവിടേക്ക് വരാൻ കഴിയാത്ത സ്ഥിതിയായി. ക്ലാസുകള്‍ മുടങ്ങി. ജീവനക്കാരില്‍ ഭൂരിഭാഗവും സമരത്തിലായതിനാല്‍ ഓഫീസ് പ്രവര്‍ത്തനങ്ങളും താളം തെറ്റിയ സ്ഥിതിയായിരുന്നു.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ റാങ്കിങ്ങില്‍ കഴിഞ്ഞ കൊല്ലം 28 ആം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു കാര്‍ഷിക സര്‍വ്വകലാശാല. സമരം സർവകലാശാല റാങ്കിങിൽ ഇനിയും താഴേക്ക് പോകാനുള്ള വഴിയൊരുക്കിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാന്‍സിലറുടെ ചുമതല വഹിക്കുന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷ്ണര്‍ ഇഷിത റോയിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സമരക്കാരുടെ വിശദാംശങ്ങളും ചോദിച്ചിരുന്നു.

click me!