
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി കവാടമായ മുല്ലൂരിലേക്ക് മാർച്ചും ധർണ്ണയും നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും അനധികൃതമായി സംഘം ചേർന്നതിനുമാണ് വിഴിഞ്ഞം പൊലീസ് കേസ് എടുത്തിരിക്കുന്നത്. ശശികലക്ക് പുറമെ പരിപാടിയിൽ പങ്കെടുത്ത കണ്ടാൽ അറിയാവുന്ന 700 പേർക്ക് എതിരെയും കേസ് ഉണ്ട്.
എന്നാൽ ഗതാഗതം ബാരിക്കേടുകൾ വെച്ച് തടസ്സപ്പെടുത്തിയത് പൊലീസ് ആണെന്നും അതിൽ തങ്ങൾക്ക് പങ്കില്ല എന്നും ജനകീയ സമരസമിതി അറിയിച്ചു. ജനകീയ സമരസമിതിക്ക് നേരെ ലത്തീൻ അതിരൂപത സമരക്കാരുടെ നേതൃത്വത്തിൽ നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച മുല്ലൂരിലേക്ക് ഹിന്ദു ഐക്യവേദി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത് .
ഹിന്ദുസമൂഹത്തിന് ഹിന്ദു ഐക്യവേദി പൂർണ്ണ സംരക്ഷണം നൽകുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല പറഞ്ഞു. ഭാരതത്തിന്റെ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖമെന്നും ഇത് യാദാർഥ്യമാകണമെന്നും പോർട്ട് വരണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിനെതിരെ കേസെടുക്കുന്ന പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന പറഞ്ഞ പാതിരിയെ 'നട്ടപാതിരയ്ക്ക് പോകാതെ നട്ടുച്ചയ്ക്കെങ്കിലും പോയി ഒന്ന് അറസ്റ്റ് ചെയ്യാമോ എന്നും ശശികല ചോദിച്ചു. ശനിയാഴ്ച ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ അഭിലാഷിനെയും ശശികല സന്ദർശിച്ചു.
വിഴിഞ്ഞം സമരത്തിന് പിന്നിലെ രാജ്യദ്രോഹ ശക്തികൾ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് പറയണം. സിപിഎം സംസ്ഥാന സെക്രട്ടറിയല്ല മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ മറുപടി പറയണം. വിഴിഞ്ഞം കലാപത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമാണ്. പൊലീസിനെ അക്രമിച്ചവർക്ക് എതിരെ കേസില്ല. സമാധാനപരമായി യോഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാക്കൾക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും എംടി രമേശ് ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam