ഉമ്മൻചാണ്ടിയും ചെന്നിത്തലയും മത്സരിക്കും, മുഖ്യമന്ത്രി സ്ഥാർത്ഥി പിന്നെ, നയിക്കാൻ ആന്‍റണിയും

By Web TeamFirst Published Jan 18, 2021, 10:29 AM IST
Highlights

പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടും. പ്രഖ്യാപനത്തിനു ശേഷം എ കെ ആന്‍റണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാവും. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. 

ദില്ലി: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്നുറപ്പായി. ഉമ്മൻചാണ്ടിയും മത്സരിക്കണമെന്ന നിർദേശത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചുവെന്ന് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഇപ്പോൾ ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നില്ലെന്ന കാര്യം ഉറപ്പാവുകയാണ്. ഒരു മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ മുന്നോട്ടുവച്ചാകില്ല കോൺഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും തന്നെയാകും ജനവിധി തേടുക. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് കാലത്ത്, ആരാണ് മുഖ്യമന്ത്രിസ്ഥാനാർത്ഥിയെന്ന കാര്യത്തിൽ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന്, ഉമ്മൻചാണ്ടി തന്നെയാണ് യുഡിഎഫിനെ നയിച്ചത്. എന്നാൽ ഇത്തവണ അങ്ങനെയല്ല സ്ഥിതി. രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷനേതാവ്. ചെന്നിത്തല തന്നെയാണോ മുഖ്യമന്ത്രിസ്ഥാനാർത്ഥിയെന്ന ചോദ്യങ്ങളാണ് ഉയർന്നിരുന്നത്. ആരാണ് യുഡിഎഫിനെ നയിക്കുന്നത്? ലീഗോ അതോ കോൺഗ്രസോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ പിണറായി അടക്കമുള്ളവർ യുഡിഎഫിനെ നോക്കി ഉന്നയിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ, ഹൈക്കമാൻഡ് വളരെ സജീവമായി കേരളത്തിലെ പ്രചാരണത്തിന് നേതൃത്വം നൽകുമെന്നുറപ്പാണ്. കോൺഗ്രസ് പ്രതീക്ഷയുള്ള പച്ചത്തുരുത്തായ കേരളം കൈവിടാതിരിക്കാൻ പരമാവധി നോക്കും.

പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടും. പ്രഖ്യാപനത്തിനു ശേഷം എ കെ ആന്‍റണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാവും. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡിന്‍റെ ശക്തമായ ഇടപെടലാകും ഉണ്ടാകുക എന്നതുറപ്പാണ്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം ഉറപ്പാക്കാൻ പഴയ ചിലരെ ഒഴിവാക്കേണ്ടി വരുമെന്ന തരത്തിലുള്ള സൂചനകളും ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്നു.

click me!