
നാട്ടിക: നാട്ടിക നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മൂന്ന് മുന്നണികളും സജീവമാണ്. 2011 മുതല്‍ ഇടതുപക്ഷം ജയിച്ചുവരുന്ന മണ്ഡലം. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പേ നാട്ടിക വാര്‍ത്തകളില്‍ ഇടംപിടിച്ചത് സിറ്റിംഗ് എംഎല്‍എയും സിപിഐ നേതാവുമായ സി.സി. മുകുന്ദന്‍റെ കൂടുമാറ്റത്തിലാണ്. സിപിഐ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സി.സി. മുകുന്ദനാണ് ഇത്തവണ നാട്ടികയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. അതേസമയം, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എയായ ഗീതാ ഗോപിയെയാണ് ഇടതുപക്ഷം ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അഡ്വ. സുനില്‍ ലാലൂരാണ് നാട്ടികയിലെ യുഡിഎഫ് സ്ഥാനാര്‍ഥി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് തർക്കം രൂക്ഷമായപ്പോള്‍ മുൻ എംഎൽഎയുടെ കൂറുമാറ്റം അക്ഷരാർഥത്തിൽ ഇടത് പാർട്ടികളിൽ ഞെട്ടലുണ്ടാക്കി. ഇത്തവണ ഇടത് ടിക്കറ്റില്‍ അവസരം കിട്ടാതെ വന്ന സി.സി. മുകുന്ദൻ 'പേയ്മെന്‍റ് സീറ്റ്' സംവിധാനമാണ് എൽഡിഎഫിൽ എന്നാരോപിച്ചാണ് പാർട്ടിവിട്ടത്. മണ്ഡലത്തില്‍ എംഎല്‍എയുണ്ടാക്കിയ വികസനത്തെ കൊള്ളാനും തള്ളാനും വയ്യാതെ പ്രതിരോധത്തിലുമായി തെരഞ്ഞെടുപ്പുവേളയില്‍ ഇടതുമുന്നണി. തൽക്കാലം, എല്ലാം പിണറായി സർക്കാർ നേരിട്ടു തന്നതെന്ന സമവാക്യം എടുത്തിടുക തന്നെയാണ് രക്ഷയെന്ന് ഇടത് പ്രവര്‍ത്തകര്‍ കണക്കാക്കുന്നു.
അതേസമയം, സി.സി. മുകുന്ദനെ എന്‍ഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിന് മുൻപ് എംഎൽഎക്കെതിരെ ബിജെപി ഉയർത്തിയ ഫ്ലക്സ് ബോർഡുകളും മണ്ഡലത്തില്‍ വലിയ ചർച്ചയായിരുന്നു. 'മതിയായി ഈ എംഎൽഎ മാറ്റം തുടങ്ങാം' എന്നായിരുന്നു കൂറ്റൻ ഫ്ലക്സ് ബോർഡിലെ വാചകം. ഇന്നലെ വരെ എതിർച്ചേരിയിൽ നിന്ന എംഎൽഎ ഇന്ന് ബിജെപിയിൽ വികസനം ചർച്ച ചെയ്താൽ വോട്ട് തിരിഞ്ഞ് എൽഡിഎഫിൽ എത്തും. അങ്ങനെ കൂറുമാറ്റത്തിൽ കുരുക്കിലായിരിക്കുകയാണ് ഇടത് മുന്നണിയും എന്‍ഡിഎയും.
കഴിഞ്ഞ രണ്ട് തവണയും ഇടതുപക്ഷം ഭരിച്ച നാട്ടിക മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കൻ ഒരുങ്ങിയാണ് കോൺഗ്രസ് കളത്തിലിറങ്ങുന്നത്. വീണുകിട്ടിയ അവസരമെന്നോണമാണ് ഇത്തവണ മണ്ഡലത്തിലെ രാഷ്ട്രീയ കൂറുമാറ്റങ്ങളെ യുഡിഎഫ് നോക്കികാണുന്നത്. ഇടതുപക്ഷത്തിനെയും ബിജെപിയെയും ഒരുമിച്ച് ആക്രമിക്കാനുള്ള വകയുണ്ട് ഇത്തവണ കോൺഗ്രസിന്. അതേസമയം, എംഎൽഎയായിരുന്ന സി.സി. മുകുന്ദന്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ശ്രമിച്ചെങ്കിലും ആ പ്ലാന്‍ വിജയം കണ്ടിരുന്നില്ല. മുകുന്ദൻ സൃഷ്‌ടിക്കുന്ന പ്രതിസന്ധി അനുകൂല ഘടകമായി മാറുമെന്നാണ് യുഡിഎഫ് കരുതുന്നത്. കഴിഞ്ഞ തവണയും സുനിൽ ലാലൂർ തന്നെയായിരുന്നു മണ്ഡലത്തിലെ സ്ഥാനാർഥി.
നാട്ടിക മണ്ഡലത്തില്‍ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 70,218 വോട്ടുകളായിരുന്നു സിപിഐ സ്ഥാനാർഥി ഗീതാഗോപി നേടിയിരുന്നത്. അതേസമയം, കോൺഗ്രസിലെ കെ.വി ദാസൻ 43,441 വോട്ടും നേടി. പിന്നീട് നടന്ന 2021-ലെ തെരഞ്ഞെടുപ്പിൽ 72,930 വോട്ട് നേടിയാണ് സി.സി. മുകുന്ദന്‍ വിജയിച്ചത്. കഴിഞ്ഞ തവണ 2,712 വോട്ടുകൾ കൂട്ടാൻ മുകുന്ദന് സാധിച്ചിരുന്നു. അതേസമയം, കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സുനിൽ ലാലൂരിന് 44,499 വോട്ടുകളേ നേടാനായുള്ളൂ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam