
പാലക്കാട് ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ അതിശക്തമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാറുള്ള മണ്ഡലങ്ങളിലൊന്നാണ് ചിറ്റൂർ. തമിഴ്നാട് അതിർത്തിയോട് ചേർന്നുനിൽക്കുന്ന ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ ജനതാദളും (ജെ.ഡി.എസ്) കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. മണ്ഡത്തിൽ ബിജെപി നിർണായക ശക്തിയല്ല. ഇവിടെ കഴിഞ്ഞ രണ്ട് തവണയായി ജെ.ഡി.എസിന്റെ കെ കൃഷ്ണൻകുട്ടിയാണ് വിജയിക്കുന്നത്. അതിനാൽ തന്നെ എന്ത് വില കൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിലാണ് യുഡിഎഫ് ക്യാമ്പ്.
ചിറ്റൂർ മണ്ഡലത്തിലെ കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാൽ യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് കാണാം. 2001ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കെ അച്യുതനും കെ കൃഷ്ണൻകുട്ടിയും നേർക്കുനേർ ഏറ്റുമുട്ടി. അന്ന് കൃഷ്ണൻകുട്ടി യു.ഡി.എഫ് വിട്ട് ജെ.ഡി.എസ് (എൽ.ഡി.എഫ്) സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. കെ അച്യുതൻ 59,000ത്തിലധികം വോട്ടുകൾ പെട്ടിയിലാക്കിയപ്പോൾ കൃഷ്ണൻകുട്ടിയ്ക്ക് 45,000ത്തിലധികം വോട്ടുകളേ പിടിക്കാനായുള്ളൂ. ഇതോടെ 13,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ അച്യുതൻ മണ്ഡലം പിടിച്ചു.
2006ൽ കെ അച്യുതനും എൽഡിഎഫിന്റെ സുഭാഷ് ചന്ദ്രബോസും തമ്മിൽ മുഖാമുഖം എത്തി. എന്നാൽ, 2001ലേതിന് സമാനമായ വിജയം നേടാൻ കെ അച്യുതനായില്ല. വാശിയേറിയ പോരാട്ടത്തിനൊടുവിൽ നേരിയ ഭൂരിപക്ഷത്തിലാണ് കെ അച്യുതൻ വിജയിച്ചത്. 55,000ത്തിലധികം വോട്ടുകൾ അച്യുതൻ നേടിയപ്പോൾ 53,000ത്തിലധികം വോട്ടുകൾ പിടിക്കാൻ സുഭാഷ് ചന്ദ്രബോസിന് കഴിഞ്ഞു. വെറും 2,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അച്യുതന്റെ വിജയം.
2011ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ അച്യുതൻ ഹാട്രിക് തികച്ചു. വീണ്ടും സുഭാഷ് ചന്ദ്രബോസായിരുന്നു പ്രധാന എതിരാളി. കെ അച്യുതൻ 69,916 വോട്ടുകൾ പിടിച്ചാണ് വിജയം ആവർത്തിച്ചത്. 57,586 വോട്ടുകൾ സുഭാഷ് ചന്ദ്രബോസ് പിടിച്ചു. 12,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ അച്യുതൻ വിജയിച്ചത്. 2016ൽ മണ്ഡലത്തിൽ മാറ്റത്തിന്റെ കാറ്റ് വീശി. മണ്ഡലം യുഡിഎഫിൽ നിന്ന് എൽഡിഎഫ് തിരിച്ചുപിടിച്ചു. സിറ്റിംഗ് എം.എൽ.എയായിരുന്ന കെ അച്യുതനെ (61,985) വോട്ടുകൾ പരാജയപ്പെടുത്തി കെ കൃഷ്ണൻകുട്ടി (69,270 വോട്ടുകൾ) നിയമസഭയിലെത്തി. 7,285 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കെ കൃഷ്ണൻകുട്ടിയുടെ വിജയം.
2021ൽ മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലമുണ്ടായില്ല. എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കൃഷ്ണൻകുട്ടി വീണ്ടും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫിനായി മത്സരിച്ച സുമേഷ് അച്യുതനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 33,874 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കൃഷ്ണൻകുട്ടിയുടെ വിജയം. കഴിഞ്ഞ 25 വർഷത്തിനിടെ ആദ്യ മൂന്ന് തവണ (2001, 2006, 2011) കോൺഗ്രസിന് വേണ്ടി കെ അച്യുതനും അവസാന രണ്ട് തവണ (2016, 2021) നിലവിലെ മന്ത്രി കൂടിയായ കെ കൃഷ്ണൻകുട്ടിയുമാണ് ചിറ്റൂരിനെ പ്രതിനിധീകരിച്ചത്. ഇത്തവണ കെ കൃഷ്ണൻകുട്ടിയ്ക്ക് പകരം മുരുഗദാസാണ് കളത്തിലിറങ്ങുന്നത്. യുഡിഎഫ് സുമേഷ് അച്യുതനെ വീണ്ടും പരീക്ഷിക്കുകയാണ്. പ്രണേഷ് രാജേന്ദ്രനാണ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam