
ദില്ലി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിലെ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍റെ അഭിപ്രായത്തിൽ തെറ്റില്ലെന്നും കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അവിടെ ആര്‍ക്കും അഭിപ്രായം പറയാമെന്നും കെസി വേണുഗോപാൽ പറഞ്ഞു. സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവന്‍റെ സ്ഥിതി എന്താകുമായിരുന്നുവെന്നും കെസി വേണുഗോപാൽ ചോദിച്ചു. വിഎസ് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു എന്ന തന്‍റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ്. സിപിഎമ്മിന്‍റെ സാധാരണ പ്രവർത്തകർ ആർക്ക് വോട്ട് ചെയ്തു എന്ന് പെട്ടി തുറക്കുമ്പോൾ അറിയാം. പോളിംഗ് ശതമാനം നോക്കുമ്പോൾ നൂറിനടുത്ത് സീറ്റ് യുഡിഎഫ് വിജയിക്കും.കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം ദൃശ്യമാണ്. എല്ലാ ജില്ലകളിലെയും പ്രചരണത്തിൽ ആ പ്രതീതി ഉണ്ടായിരുന്നു.
ഞങ്ങളുടെ വിശ്വാസം കവച്ച് വെക്കുന്ന പ്രതികരണം വോട്ടർമാരിൽ നിന്ന് ഉണ്ടായി. പതിവ് രീതി വിട്ട് വോട്ട് ചെയ്യാൻ ജനങ്ങൾ കാണിച്ച ആവേശം യുഡിഎഫിന് ഗുണം ചെയ്യും. സിപിഎം- ബിജെപി ഡീൽ നടത്തി കേരളത്തിലെ ജനങ്ങളെ വിഡ്ഢികൾ ആക്കാൻ കഴിയില്ല. പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഎമ്മും മനസ്സിലാക്കും. ചിറ്റൂരിൽ ബിജെപി സ്ഥാനാർഥി എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു.
ഇത് അവിശുദ്ധ കൂട്ടുകെട്ടിന്‍റെ തെളിവാണ്. ജനങ്ങളും ഇത് മനസ്സിലാക്കി. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. കിറ്റുകൾ നിരവധി സ്ഥലത്ത് വിതരണം ചെയ്തു. പണം ഒഴുക്കി വോട്ട് പിടിക്കാൻ ആണ് ശ്രമിച്ചത്. മറുവശത്ത് അവിശുദ്ധ കൂട്ടുകെട്ടും ഉണ്ടാക്കി. ഇതെല്ലാം പരാജയപ്പെടും.
പല ബൂത്തുകളിലും അക്രമം നേരിട്ടത് കോൺഗ്രസ് പ്രവർത്തകരാണ്. പലയിടത്തും കള്ളവോട്ട് നടന്നു. അത് എതിർക്കാൻ നോക്കിയവരെ സിപിഎം മർദ്ദിച്ചു.
ബിജെപി അക്കൗണ്ട് തുറക്കും എന്ന അവകാശ വാദത്തിലും കെസി വേണുഗോപാൽ പ്രതികരിച്ചു. ആത്മവിശ്വാസം നാലാം തീയതി വരെ ആർക്കും പ്രകടിപ്പിക്കാമെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പ് നേരിട്ടത് കൃത്യമായ അജണ്ടയോടെയാണെന്നും വയനാട് വിഷയം ഉയർത്തിയ സിപിഎം സ്വയം അപഹാസ്യരാവുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. തങ്ങളുടെ അഴിമതി മറച്ച് വെയ്ക്കാൻ ആണ് സിപിഎം വയനാട് ഉന്നയിച്ചത്. കേരളത്തിൽ പിണറായിയുടെ ഹോർഡിംഗ് തട്ടി നടക്കാൻ വയ്യാത്ത അവസ്ഥയാണ്. ആ അമിത പ്രചാരണം കോൺഗ്രസിന് ഗുണം ചെയ്തു.
അധികാരത്തിൽ വന്നാൽ എന്ത് ചെയ്യുമെന്ന കാര്യവും കോൺഗ്രസ് ജനങ്ങൾക്ക് മുന്നിൽ വെച്ചു. യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും വ്യക്തിപരമായ വിഷയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അഹോരാത്രം വിജയത്തിനായി പ്രവർത്തിക്കുന്ന യുഡിഎഫ് പ്രവർത്തകരെ ആണ് തനിക്ക് കാണാൻ സാധിച്ചത്. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രവർത്തകർ സൈബർ പ്രതിരോധം തീർത്തു. തെരഞ്ഞെടുപ്പിലെ താരങ്ങൾ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച പ്രവർത്തകരാണ്. തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ തർക്കമാണ് എന്ന് എൽഡിഎഫും ബിജെപിയും പ്രചരിപ്പിച്ചുയ യുഡിഎഫ് കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ചിക്കമഗളൂരുവിൽ വെച്ച് ശ്രീനന്ദ കാണാതായ സംഭവത്തിൽ കർണാടക റവന്യൂ, വനം, മുഖ്യമന്ത്രി എന്നിവരെ ബന്ധപ്പെട്ടുവെന്നും ഇപ്രാവശ്യവും ഇടപെടൽ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടുവെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കർണാടക രൂപീകരിക്കുംയഅവർ ശക്തമായ നടപടി സ്വീകരിക്കും. റവന്യൂ മന്ത്രി ചിക്കമഗളൂരുവിൽ ഉണ്ട്. അദ്ദേഹം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കുടുംബത്തിന്‍റെ ആശങ്ക അകറ്റും. എല്ലാ സാഹചര്യങ്ങളും പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തെരച്ചിൽ ശക്തമായി തുടരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam