കാൽ നൂറ്റാണ്ടായി അരിവാൾ ചുറ്റികയല്ലാതെ മറ്റൊരു ചിഹ്നവും പതിയാത്ത മണ്ഡലം! ഇത്തവണ മാറ്റത്തിന്റെ കാറ്റ്? പ്രവചനാതീതമായി കൊല്ലം

Published : Mar 20, 2026, 08:36 PM IST
Jayamohan - Bindu Krishna

Synopsis

സമീപകാല ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ യുഡിഎഫ് മുന്നേറ്റവും ബിന്ദു കൃഷ്ണയുടെ ജനപ്രീതിയും എൽഡിഎഫിന് കനത്ത വെല്ലുവിളി ഉയർത്തുന്നു. ഇതോടെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായി മാറിയിരിക്കുകയാണ്.

കൊല്ലം: കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഇടതിന്റെ ഉരുക്കുകോട്ടയായ ഒരു മണ്ഡലം. അരിവാൾ ചുറ്റിക നക്ഷത്രമല്ലാതെ മറ്റൊരു ചിഹ്നവും പതിയാത്ത മണ്ഡലം. എന്നാൽ, ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശാൻ ശക്തമായ സാധ്യതയുള്ള മണ്ഡലം. അങ്ങനെ കൊല്ലം മണ്ഡലത്തിന് സവിശേഷതകളേറെയാണ്. 2001ന് ശേഷം 'കൈ വിട്ട' കൊല്ലം മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. കൊല്ലത്തിന്റെ രാഷ്ട്രീയ ചിത്രത്തിൽ സമീപകാലത്തുണ്ടായ വലിയ മാറ്റങ്ങൾ തന്നെയാണ് യുഡിഎഫിന് സ്വപ്നങ്ങൾ കാണാനുള്ള ഊർജ്ജം നൽകുന്നത്.

കഴിഞ്ഞ അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ കൊല്ലം ഇടത്തേയ്ക്ക് മാത്രമാണ് പോകാറുള്ളതെന്ന് വ്യക്തമാകും. മണ്ഡലത്തിൽ 2001ലാണ് യുഡിഎഫ് അവസാനമായി വിജയിച്ചത്. അന്ന് സംസ്ഥാനത്ത് ഉടനീളം വീശിയടിച്ച ആന്റണി തരം​ഗമാണ് യുഡിഎഫിന്റെ വിജയത്തിന് കരുത്തായത്. ആർ എസ് പി പിളർന്ന് രൂപീകരിച്ച ആർ എസ് പി (ബി) സ്ഥാനാർത്ഥിയായ ബാബു ദിവാകരൻ വിജയിച്ചു. എൽഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം നിന്ന് മത്സരിച്ച അദ്ദേഹം ഇടത് സ്ഥാനാർത്ഥിയെ 12,000-ൽപ്പരം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എന്നാൽ, പിന്നീടങ്ങോട്ട് ഇടതുപക്ഷത്തിന്റെ തേരോട്ടമായിരുന്നു കൊല്ലം മണ്ഡലത്തിൽ കാണാനായത്.

‌2011ൽ എൽഡിഎഫ് യുഡിഎഫിൽ നിന്ന് കൊല്ലം മണ്ഡലം തിരിച്ചുപിടിച്ചു. കോൺഗ്രസിന്റെ കെ.സി. രാജനെ 8,540 വോട്ടുകൾക്ക് തോൽപ്പിച്ച് പി.കെ. ഗുരുദാസൻ നിയമസഭയിലെത്തി. സജീവ രാഷ്ട്രീയം വിട്ട പി.കെ. ഗുരുദാസന് പകരക്കാരനായി 2016ൽ നടൻ മുകേഷിന്റെ എൻ‍ട്രി. സിനിമാ ഗ്ലാമറും പാർട്ടി വോട്ടുകളും ചേർന്നപ്പോൾ കോൺ​ഗ്രസിന്റെ സൂരജ് രവിയെ മറികടന്ന് മുകേഷ് 17,611 വോട്ടുകൾക്ക് ജയിച്ചുകയറി. എന്നാൽ, 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് മാറ്റത്തിന്റെ സൂചനകൾ പ്രകടമായി. രണ്ടാം തവണയും അങ്കത്തിനിറങ്ങിയ മുകേഷ് കോൺ​ഗ്രസ് കളത്തിലിറക്കിയ ബിന്ദു കൃഷ്ണയ്ക്ക് മുന്നിൽ വിയർത്തു.

മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ശക്തമായ പോരാട്ടങ്ങളിലൊന്നായിരുന്നു മുകേഷും ബിന്ദു കൃഷ്ണയും തമ്മിൽ നടന്നത്. വെറും 2,072 വോട്ടുകൾക്കാണ് മുകേഷ് വിജയിച്ചത്. ബിജെപി ഇവിടെ 14,000-ൽപ്പരം വോട്ടുകൾ പിടിച്ചതും ശ്രദ്ധേയമായി. എന്നിരുന്നാലും സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇടത് തരം​ഗം വീശിയടിക്കുന്ന സമയത്താണ് 2021ലെ തിരഞ്ഞെടുപ്പ് എത്തിയത്. എന്നിട്ടും കൊല്ലം പോലെയൊരു ഉറച്ച മണ്ഡലത്തിൽ എൽഡിഎഫിനെതിരെ ബിന്ദു കൃഷ്ണ ശക്തമായ പ്രകടനം കാഴ്ചവെച്ചത്. തോൽവിയ്ക്ക് പിന്നാലെ കഴിഞ്ഞ അഞ്ച് വര്‍ഷമായി കൊല്ലം മണ്ഡലത്തിൽ പരിപൂര്‍ണ ശ്രദ്ധ നൽകിയുള്ള പ്രവര്‍ത്തനമാണ് ബിന്ദു കൃഷ്ണ നടത്തി വരുന്നത്. ബിന്ദുവിന് ലഭിക്കുന്ന ജനപ്രീതിയിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

ജനകീയ പ്രതിച്ഛായ ഉണ്ടാക്കിയെടുത്ത ബിന്ദുവിനെതിരെ സിപിഎമ്മും കച്ചമുറുക്കിയാണ് ഇറങ്ങുന്നത്. കഴിഞ്ഞ 10 വര്‍ഷമായി കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ജയമോഹനാണ് എൽഡിഎഫിന് വേണ്ടി കളത്തിലിറങ്ങുന്നത്. കൊല്ലം മണ്ഡലത്തിൽ ധാരാളം കശുവണ്ടി ഫാക്ടറികളും ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുമുണ്ട്. അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാൻ 10 വര്‍ഷമായി അവസരം ലഭിച്ച വ്യക്തിയെന്ന നിലയിൽ ജയമോഹൻ ബിന്ദുവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും.

2024ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും കൊല്ലം മണ്ഡലത്തിൽ എൽഡിഎഫിന് കനത്ത തിരിച്ചടി ലഭിച്ചിരുന്നു. യുഡിഎഫ് മുന്നണിയിൽ മത്സരിച്ച ആര്‍എസ്പിയുടെ സ്ഥാനാര്‍ത്ഥി എൻ.കെ പ്രേമചന്ദ്രൻ 20,990 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന മുകേഷിനെ പരാജയപ്പെടുത്തിയത്. ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുകേഷ് തന്നെയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി എന്നതുകൊണ്ട് തന്നെ ഈ ഫലം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. ബിജെപി സ്ഥാനാർത്ഥി ജി. കൃഷ്ണകുമാർ മണ്ഡലത്തിൽ 25,000-ത്തോളം വോട്ടുകൾ പിടിച്ചതും ശ്രദ്ധേയമായി.

2025 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾക്കൊള്ളുന്ന കൊല്ലം കോർപ്പറേഷൻ യുഡിഎഫ് പിടിച്ചടക്കിയിരുന്നു. 25 വർഷത്തിന് ശേഷമാണ് കൊല്ലം കോർപ്പറേഷൻ എൽഡിഎഫിന് നഷ്ടമാകുന്നത്. ആകെയുള്ള 56 വാർഡുകളിൽ യുഡിഎഫ് 27 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ എൽഡിഎഫ് 16 സീറ്റുകളിൽ ഒതുങ്ങി. എൻഡിഎയുടെ കുതിപ്പാണ് ഏവരെയും ഞെട്ടിച്ചത്. 12 സീറ്റുകൾ നേടി എൻഡിഎയും കരുത്ത് കാട്ടിയതോടെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലം ത്രികോണ പോരിലേയ്ക്ക് വഴി മാറുമോ എന്നാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‘ഒറ്റപ്പാലത്ത് ശക്തമായ പോരാട്ടം; ക്ലൈമാക്സിൽ ട്വിസ്റ്റ് ഉണ്ടാകും‘; പാലക്കാട്ട് ശോഭ സുരേന്ദ്രന്‍ ജയിക്കുമെന്നും മേജർ രവി
യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍; അഭിവാദ്യം അർപ്പിച്ച കോൺഗ്രസ് പ്രവർത്തകർ