
നിയമസഭാ തെരഞ്ഞടുപ്പിലെ പ്രചാരണങ്ങളിൽ വികസനത്തേക്കാൾ പല മണ്ഡലങ്ങളിലും വിവാദങ്ങളും വിദ്വേഷ പരാമർശങ്ങളുമായിരുന്നു ചര്‍ച്ചാ വിഷയം. ജനാധിപത്യത്തിനെ മതാധിപത്യത്തിന്‍റെ കീഴിൽ പിടിച്ചുകെട്ടുക എന്നല്ലാതെ ഇത്തരം കടന്നുകയറ്റത്തിന് എല്ലാ കാലവും മറ്റ് ഗുണങ്ങൾ ഒന്നുമില്ല. കേരളത്തിന്‍റെ മത നിരപേക്ഷതയെ വരെ ചോദ്യം ചെയ്യത്തക്കവിധത്തിൽ വിദ്വേഷ പ്രചാരണങ്ങളും, വർഗീയ ധ്രുവീകരണവും തെരഞ്ഞെടുപ്പിൽ കളംപിടിക്കുമ്പോൾ ജനാധിപത്യ സമൂഹത്തിന് നാണക്കേടാണ് ഇത്തരം പ്രചാരണങ്ങൾ. കേരളത്തിന്‍റെ രാഷ്ട്രീയ ഭാവി എന്താകുമെന്ന ചോദ്യവും ഈ വിവാദ പ്രസ്‌താവനകള്‍ ബാക്കിയാക്കുന്നു.
ചൂടുപിടിപ്പിക്കുന്ന രാഷ്‌ട്രീയ വിവാദങ്ങൾ എല്ലാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെങ്കിലും ഇത്രയധികം മത വർഗീയ വിദ്വേഷം കത്തിപ്പടരുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷണം. പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി എത്തിയ കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ വിദ്വേഷ പരാമർശം കേരളത്തെ മതരാഷ്ട്രവാദത്തിന്‍റെ മുഖമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. ബിജെപി ഒഴിച്ച് മറ്റു പാർട്ടികൾ തെരഞ്ഞെടുക്കപ്പെട്ടാൽ പാക്കിസ്ഥാനിൽ അതാഘോഷിക്കപ്പെടും എന്നാണ് അദ്ദേഹത്തിന്റെ വാദം. കാട്ടാക്കടയിലെ ബിജെപി സ്ഥാനാർഥിയായ പി.കെ. കൃഷ്ണദാസിന്‍റെ ലൗ ജിഹാദ് പരാമർശവും വിവാദമായി.
അതേസമയം, ഇടത് പാളയത്തില്‍ നിന്നും സമാനമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിന്‍റെ അഭ്യന്തരം ജമാ-അത്തെ ഇസ്ലാമി എറ്റെടുക്കുമെന്നായിരുന്നു എ.കെ. ബാലന്‍റെ പ്രസ്‌താവന. പുരോഗമന പ്രസ്ഥനത്തിന്‍റെ മുഖങ്ങളിൽ ഒരാളുടെ പ്രതികരണത്തിൽ ഇതുവരെ ഒരു തിരുത്തലുകളും സിപിഎം ഇതുവരെ വരുത്തിയില്ലെന്നു മാത്രമല്ല, കോൺഗ്രസിനെതിരെയുള്ള ആയുധമായും അതിനെ മാറ്റി. എന്നിരുന്നാലും എസ്ഡിപിഐയുടെ വോട്ട് വിവാദത്തിൽ കൃത്യമായ മറുപടി പറഞ്ഞിട്ടുമില്ല. തെരഞ്ഞെടുപ്പിന്റെ മൂല്യങ്ങളെ ഇത്തരം പ്രവർത്തികളിലൂടെ ഇകഴ്ന്നു പോകുക മാത്രമാണ് ചെയ്യുന്നത്. സി.എസ്. സുജാതയെ കുറിച്ചുള്ള ജി.സുധാകരന്റെ പ്രസ്‌താവനയും. മതം ഒരു പ്രശ്നമായി കാണുന്ന ലീഗിന്‍റെ കെ.എം. ഷാജിയും ഇത്തരം വാവിട്ട വാക്കുകൾ കേരളത്തിന്‍റെ മതേതര മടിത്തട്ടിലേക്ക് കടത്തിവിടുന്ന രാഷ്ട്രീയം പുരോഗമന കാലത്ത് ബാധിക്കുന്ന വൈറസായി മാറിയിരിക്കുന്നു. അതേസമയം, മതേതരം പ്രസംഗിക്കുന്ന ഇടതും വലതും എല്ലാ കക്ഷികളും ഒറ്റകെട്ടായി ഇത്തരം ധ്രുവീകരണം തെരഞ്ഞെടുപ്പുകളിൽ നടത്തുന്നുവെന്നാണ് ഈ നിയമസഭ തെരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തുന്നത്.
കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ അത്രയധികം വർഗീയ പരാമർശങ്ങൾ പ്രചാരണവേളയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പാണിത്. വികസന, പുരോഗമന കാഴ്ച്ചപ്പാടിൽ നിന്നും സമൂഹത്തെ അടിതെറ്റിക്കുന്ന വർഗീയ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ പ്രചാരണമാകുമ്പോൾ കേരളത്തിന്‍റെ രാഷ്ട്രീയ ഭാവി ചോദ്യ ചിഹ്നമായി മാറുകയാണ്. പുതുതലമുറയുടെ ജെൻ-സി കാലഘട്ടത്തിലേക്ക് ഇതിന്‍റെ വിത്ത് പാകുന്നതിനുമാത്രമെ ഇത്തരം പരാമർശങ്ങൾ വഴിവെക്കുകയുള്ളൂ. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൻമാർ തന്നെ ഇത്തരം പരാമർശങ്ങൾ നടത്തി രാഷ്ട്രീയ അടിത്തറ ഉറപ്പിക്കുന്നത് ഒട്ടും ഔചിത്യമില്ലാത്ത ഒന്നാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടോ ഏതെങ്കിലും പ്രത്യേക താൽപ്പര്യത്തിനോ വേണ്ടിയുള്ള ഗൂഢ ലക്ഷ്യങ്ങൾ കേരളത്തിന്‍റെ മതനിരപേക്ഷതക്കും പുരോഗതിക്കും എക്കാലവും വെല്ലുവിളിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam