ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക നിരീക്ഷണ കപ്പലായ 'ഐഎൻഎസ് സംശോധക്' ഹോം പോർട്ടായ കൊച്ചിയിലെത്തി. സമുദ്ര ഗവേഷണത്തിനും സർവേകൾക്കുമായി നിർമ്മിച്ച ഈ തദ്ദേശീയ കപ്പലിന്, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ആശുപത്രി കപ്പലായും പ്രവർത്തിക്കാൻ സാധിക്കും. ഈ കപ്പലിന്റെ വരവ് നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നു.
കൊച്ചി: ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക നിരീക്ഷണ കപ്പലായ 'ഐഎൻഎസ് സംശോധക്' ഹോം പോർട്ടായ കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തെത്തി. സർവേ വെസൽ ലാർജ് ശ്രേണിയിലെ നാലാമത്തെ കപ്പലാണിത്. കൊച്ചിയിലെത്തിയ കപ്പലിന് നാവികസേനയുടെ പരമ്പരാഗത ജലപീരങ്കി അഭിവാദ്യവും നേവി ബാൻഡിന്റെ അകമ്പടിയോടെയുള്ള സ്വീകരണവും നൽകി. നാവികസേനാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഈ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ അത്യാധുനിക കപ്പൽ കഴിഞ്ഞ ജൂൺ 21-നാണ് കൊൽക്കത്തയിൽ വെച്ച് ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, മൂന്ന് മുൻനിര നാവിക പ്ലാറ്റ്‌ഫോമുകൾക്കൊപ്പം ഇതും കമ്മീഷൻ ചെയ്യുകയായിരുന്നു. ഐഎൻഎസ് ഇക്ഷകിന് ശേഷം, ദക്ഷിണ നാവിക കമാൻഡിന്റെ ഭരണപരവും പ്രവർത്തനപരവുമായ നിയന്ത്രണത്തിന് കീഴിൽ വരുന്ന രണ്ടാമത്തെ വലിയ സർവേ കപ്പലാണിത്. കമ്മീഷനിംഗിന് ശേഷം കൊൽക്കത്തയിൽ നിന്ന് കന്നിയാത്ര തിരിച്ച കപ്പൽ വിശാഖപട്ടണം, ചെന്നൈ തുറമുഖങ്ങൾ സന്ദർശിച്ച ശേഷമാണ് കൊച്ചിയിൽ എത്തിയത്.
സമുദ്ര ഗവേഷണത്തിനും സർവേകൾക്കുമായി അത്യാധുനിക ഹൈഡ്രോഗ്രാഫിക്, ഓഷ്യനോഗ്രാഫിക് സംവിധാനങ്ങളാണ് കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഹെലികോപ്റ്റർ ലാൻഡിംഗ് സൗകര്യവും ഇതിലുണ്ട്. പ്രാഥമികമായി ഒരു സർവേ കപ്പലാണെങ്കിലും, അടിയന്തര ഘട്ടങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും, ആവശ്യമെങ്കിൽ ആശുപത്രി കപ്പലാക്കി മാറ്റാനും ഇതിന് സാധിക്കും. ഐഎൻഎസ് സംശോധകിന്റെ വരവ് ഇന്ത്യൻ നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ തദ്ദേശീയ കപ്പൽ നിർമ്മാണ മേഖലയ്ക്ക് വലിയൊരു നേട്ടം കൂടിയാണ്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്വാധീനവും സമുദ്ര സുരക്ഷയും ഉറപ്പാക്കാൻ ഈ കപ്പലിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.


