
മാനന്തവാടി: യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ ആധിപത്യമുള്ള മണ്ഡലങ്ങൾ നിരവധിയുണ്ട്. അത്തരത്തിൽ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് മാനന്തവാടി. മുൻപ് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ഈ മണ്ഡലം കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷത്തിനൊപ്പമാണ്. ഇത്തവണ എൽഡിഎഫിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്.
2011ൽ രൂപീകൃതമായ മാനന്തവാടി പട്ടിക വർഗ സംവരണ (എസ്ടി) സീറ്റാണ്. ഗോത്ര വർഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. ചരിത്രപരമായി ഇടതുപക്ഷത്തിനും യുഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമെന്നതാണ് മാനന്തവാടിയിലെ മത്സരത്തിന്റെ ഹൈലൈറ്റ്. അതിനാൽ തന്നെ മാനന്തവാടിയിലെ വിജയിയെ പ്രവചിക്കുക അസാധ്യമാണ്. ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം ചെയ്യുകയും ചെയ്യുന്ന സ്ഥാനാർത്ഥികൾക്കൊപ്പം നിൽക്കുന്നതാണ് മാനന്തവാടിയിലെ ഒരു കീഴ്വഴക്കം.
2011ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി കെ ജയലക്ഷ്മിയാണ് വിജയിച്ചത്. എൽഡിഎഫിന്റെ കെ സി കുഞ്ഞിരാമനെതിരെ 12,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയലക്ഷ്മിയുടെ വിജയം. എന്നാൽ, 2016ൽ മണ്ഡലത്തിൽ മാറ്റത്തിന്റെ കാറ്റ് വീശി. ഒ ആർ കേളുവിനെ രംഗത്തിറക്കിയാണ് എൽഡിഎഫ് മാനന്തവാടി പിടിച്ചത്. അവസാനം വരെ ഉദ്വേഗം നിറഞ്ഞുനിന്ന പോരാട്ടത്തിനൊടുവിൽ വെറും 1,307 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ഒ ആർ കേളു വിജയിച്ചു. എന്നാൽ, 2021ൽ കേളു ഭൂരിപക്ഷം ഉയർത്തുന്ന കാഴ്ചയാണ് കാണാനായത്. 9,282 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കാൻ കേളുവിനായി. നിലവിൽ അദ്ദേഹം കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കൂടിയാണ്.
കഴിഞ്ഞ രണ്ട് തവണയും പരാജയപ്പെട്ടെങ്കിലും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ ഉഷ വിജയനെയാണ് യുഡിഎഫ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് മാനന്തവാടി. അതിനാൽ തന്നെ രാഹുൽ ഗാന്ധിയും പിന്നീട് പ്രിയങ്ക ഗാന്ധിയും വയനാട് ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ലഭിച്ച വലിയ ഭൂരിപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. 2021-ൽ എൻഡിഎ സ്ഥാനാർത്ഥി മുകുന്ദൻ പള്ളിയറ 13,142 വോട്ടുകൾ നേടിയിരുന്നു. വോട്ട് വിഹിതത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാക്കാൻ ബിജെപിയും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഹാട്രിക് വിജയം തേടി കേളു എൽഡിഎഫിനായി ഇറങ്ങുമ്പോൾ മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫും കഠിനശ്രമത്തിലാണ്. വന്യജീവി ആക്രമണങ്ങളും കാർഷിക പ്രശ്നങ്ങളും വയനാട് ടൗൺഷിപ്പുമെല്ലാം ഇത്തവണ മണ്ഡലത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാകുമെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam