2021-ല്‍ വെറും 38 വോട്ടിന് മുസ്ലീം ലീഗ് ജയിച്ച മണ്ഡലം; പെരിന്തൽമണ്ണ മറിയുമോ ഇത്തവണ?

Published : Mar 25, 2026, 08:26 PM ISTUpdated : Mar 25, 2026, 09:45 PM IST
Perinthalmanna Assembly constituency

Synopsis

2021-ൽ വെറും 38 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ മുസ്ലീം ലീഗ് ജയിച്ച പെരിന്തൽമണ്ണയിൽ ഇത്തവണയും ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു. സിറ്റിംഗ് എംഎൽഎ നജീബ് കാന്തപുരം വീണ്ടും ജനവിധി തേടുമ്പോൾ, വി.പി മുഹമ്മദ് ഹനീഫയിലൂടെ മണ്ഡലം പിടിച്ചെടുക്കാനാണ് എൽഡിഎഫ് ശ്രമം.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളേക്കാൾ കൂടുതൽ ആവേശം ഇത്തവണ വോട്ടെണ്ണൽ ദിവസത്തിലാകും. ഓരോ ‌ബാലറ്റ് പൊട്ടിക്കുമ്പോഴും മാറി മാറി ശക്തരാകുന്ന സ്ഥാനാർഥികളായിരുന്നു 2021 നിയമസഭ തെരഞ്ഞെടുപ്പിലെ ചിത്രം. 2021-ൽ ലീ​ഗ് വെറും 38 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ ജയിച്ചത്. സിറ്റിംഗ് എംഎല്‍എ നജീബ് കാന്തപുരം ഇത്തവണ മത്സരത്തിനിറങ്ങുമ്പോൾ പെരിന്തല്‍മണ്ണ വീണ്ടും ത്രില്ലറായേക്കാം. പെരിന്തൽമണ്ണയിൽ ഇത്തവണ നജീബ് കാന്തപുരത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ലീഗ് അത് തള്ളിക്കളഞ്ഞിരുന്നുവെങ്കിലും വോട്ടിൽ പ്രതിഷേധം പ്രതിഫലിക്കുമോയെന്നതും ഒരു വെല്ലുവിളിയാണ്.

വികസനമാതൃക കാട്ടി എൽഡിഎഫ് പ്രചാരണം

പെരിന്തൽമണ്ണയില്‍ എൽഡ‍ിഎഫ് സ്ഥാനാർഥിയായി ഇത്തവണ വി.പി. മുഹമ്മദ് ഹനീഫ പോരിനിറങ്ങുമ്പോൾ കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് വെച്ചാണ് എൽഡിഎഫ് പ്രചാരണം. മണ്ഡലത്തിൽ നടത്തിയ തനത് പ്രവർത്തനങ്ങൾ, കിഫ്ബി തുടങ്ങിയവയെല്ലാം എല്‍ഡിഎഫ് പ്രചാരണായുധമാക്കുന്നുണ്ട്. മണ്ഡലത്തിലെ ഈ വികസന പ്രവർത്തനങ്ങൾക്കൊന്നും എംഎൽഎക്ക് പങ്കില്ലെന്നാണ് പ്രചാരണം. അതേസമയം, കഴിഞ്ഞ തവണ 38 വോട്ടിൽ പറ്റിയ തെറ്റ് ഇക്കുറി പെരിന്തൽമണ്ണ തിരുത്തുമെന്നും സിപിഎം വ്യക്തമാക്കുന്നു.

അഞ്ച് വർഷത്തെ പ്രവർത്തനം ജനം വിലയിരുത്തും നജീബ് കാന്തപുരം

കഴിഞ്ഞ അഞ്ച് വർഷത്തെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തുമെന്നാണ് നജീബ് കാന്തപുരം വ്യക്തമാക്കുന്നത്. കഴിഞ്ഞ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ വിജയം ഇക്കുറി നിയമസഭയിലും തെളിയുമെന്ന് അദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിസ്സാര വോട്ടിന് മണ്ഡലം കൈയിൽ

പെരിന്തൽമണ്ണയില്‍ 2021-ലെ ആവേശപ്പോരില്‍ യുഡിഎഫിന് 76,530 വോട്ടും എൽഡിഎഫ് സ്വതന്ത്രന് (കെ.പി.എം. മുസ്‌തഫ) 76,492 വോട്ടുമായിരുന്നു കിട്ടിയത്. അങ്ങനെ, വളരെ ചെറിയ ഭൂരിപക്ഷത്തിൽ എംഎൽഎ സ്ഥാനം ലീ​ഗ് നിലനിർത്തി. 2016-ൽ 569 വോട്ടിനും 2011-ൽ 9,589 വോട്ടിനുമാണ് പെരിന്തല്‍മണ്ണയില്‍ ലീ​ഗ് ജയിച്ചുകയറിയത്. ശക്തമായ മത്സരത്തിൽ ഇക്കുറി വ്യക്തികളിലൂ‍ടെയും മുന്നേറാൻ കഴിയുമെന്നാണ് പാർട്ടികൾ കരുതുന്നത്. ഇടതിലും വലതിലും മത്സരിക്കുന്നത് മണ്ഡലത്തിലെ പരിചിത മുഖങ്ങൾ തന്നെയാണ്. എല്ലായിപ്പോഴും ലീഗിനെ തുണക്കുന്ന പെരിന്തൽമണ്ണ 2006-ൽ ഇടത്തേക്ക് ചരിഞ്ഞിരുന്നു. മണ്ഡലത്തിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി എം. ശിവകുമാർ വിജയിച്ച് കേറുകയുണ്ടായി. ലീഗ് കോട്ടയിലെ മണ്ണ് ചുവന്നപ്പോൾ പാർട്ടികളിലേക്ക് മാത്രമല്ല മണ്ഡലത്തിലെ ചലനങ്ങൾ ഏതു നിമിഷവും മാറാമെന്നും വ്യക്തമായിരുന്നു അന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റ ക്ഷീണം ഇക്കുറി തിരുത്തുമെന്നാണ് ലീഗ് വ്യക്തമാക്കുന്നത്.

അതേസമയം, ചിത്രത്തിൽ ഇല്ലെങ്കിലും പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ വോട്ട് ഷെയർ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അഡ്വ.കെ.പി. ബാബുരാജാണ് എൻഡിഎ സ്ഥാനാർഥി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും: കെ.സി വേണുഗോപാല്‍
തൻ്റേടിയും അഭിമാനിയും സുന്ദരിയുമായ സ്ത്രീ, അവർ ഇടതു പക്ഷം കൂടിയായാൽ...; പ്രതികരണവുമായി ശാദരക്കുട്ടി