പാലക്കാട്ടെ ക്ലൈമാക്സ് പ്രവചനാതീതം! ത്രികോണപ്പോരിന് കളമൊരുങ്ങി, സമീപകാല ചരിത്രം പറയുന്നതെന്ത്?

Published : Mar 21, 2026, 12:52 PM IST
LDF, UDF and NDA candidates for Palakkad assembly election - NMR Razak, Ramesh Pisharody, and Sobha Surendran

Synopsis

കേരളം ഉറ്റുനോക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഇത്തവണ തീപാറും പോരാട്ടം. ശോഭ സുരേന്ദ്രനിലൂടെ മണ്ഡലം പിടിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ, നടൻ രമേശ് പിഷാരടിയെ ഇറക്കി സീറ്റ് നിലനിർത്താനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. 

നിയമസഭ തെര‍ഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമായി മാറുകയാണ് പാലക്കാട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ബിജെപിയുടെ വളര്‍ച്ചയും രമേഷ് പിഷാരടിയുടെ വരവുമെല്ലാം പാലക്കാട്ടെ രാഷ്ട്രീയ ചൂട് കൂട്ടുകയാണ്. ഇത്തവണ പാലക്കാട് പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്. എന്നാൽ, പാലക്കാട് വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് യുഡിഎഫ്. ഒരുകാലത്ത് യുഡിഎഫിനോട് മാത്രം പോരടിച്ചിരുന്ന എൽഡിഎഫിനാണ് മണ്ഡലത്തിൽ ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത്. 2016, 2021, 2024 തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട എൽഡിഎഫിന് ഇത്തവണ തിരിച്ചുവന്നേ തീരൂ.

പാലക്കാട് മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ ബിജെപിയ്ക്ക് വളർച്ച വ്യക്തമായി കാണാം. കഴിഞ്ഞ കുറെ വർഷങ്ങളായി കോൺ​ഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. 2011 വരെ എൽഡിഎഫും യുഡിഎഫും തമ്മിലായിരുന്നു പ്രധാന മത്സരം. എന്നാൽ, 2016-ഓടെ ചിത്രം മാറി. പാലക്കാട് മണ്ഡലത്തിൽ ബിജെപി ആദ്യമായി രണ്ടാം സ്ഥാനത്തെത്തി. ശോഭ സുരേന്ദ്രൻ 40,000ത്തിൽ അധികം വോട്ടുകളാണ് പിടിച്ചത്. 2011ൽ സി. ഉദയഭാസ്കർ മത്സരിച്ചപ്പോൾ ബിജെപിക്ക് ലഭിച്ചത് 22,317 വോട്ടുകൾ മാത്രമായിരുന്നു. തുടർന്ന് 2021ൽ മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയ്ക്ക് വേണ്ടി കളത്തിലിറങ്ങിയതോടെ മണ്ഡലം ദേശീയ ശ്രദ്ധയാകർഷിച്ചു.

2011ലും 2016ലും യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലാണ് പാലക്കാട് മണ്ഡലത്തിൽ വിജയിച്ചത്. 2016ൽ ശോഭ സുരേന്ദ്രൻ മികച്ച മത്സരം കാഴ്ചവെയ്ക്കുകയും ബിജെപിയുടെ വോട്ടുകൾ വലിയ തോതിൽ വർധിപ്പിക്കുകയും ചെയ്തെങ്കിൽ 2021ൽ ഇ ശ്രീധരന് മുന്നിൽ ഷാഫി പറമ്പിൽ അവസാന നിമിഷമാണ് വിജയം ഉറപ്പിച്ചത്. വെറും 3,859 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമേ ഷാഫിയ്ക്ക് ലഭിച്ചുള്ളൂ. ശ്രീധരന്റെ വരവോടെ മണ്ഡലത്തിൽ ബിജെപി വോട്ടുകളുടെ എണ്ണം 50,000 കടന്നു. 2024ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ വലിയ ഭൂരിപക്ഷത്തോടെ (18,840 വോട്ടുകൾ) വിജയിച്ചു.  ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന ഡോ. പി. സരിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പാലക്കാട് നഗരസഭയിലെ തുടർച്ചയായ ഭരണം മണ്ഡലത്തിൽ ബിജെപിയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2015ലും 2020ലും ഭരണം പിടിച്ച ബിജെപി, 2025 ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും തുടർച്ചയായി മൂന്നാം തവണയും പാലക്കാട് നഗരസഭയിൽ അധികാരം നിലനിർത്തി. ഇത് നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ ​ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. നഗര കേന്ദ്രീകൃതമായ വോട്ടുകളാണ് നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിയുടെ കരുത്ത്. എന്നാൽ, നഗരത്തിന് പുറത്തുള്ള പഞ്ചായത്തുകളിൽ ബിജെപിക്ക് ഇപ്പോഴും യുഡിഎഫിനെയോ എൽഡിഎഫിനെയോ മറികടക്കാനുള്ള സ്വാധീനം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.

ഇത്തവണ പാലക്കാട് വീണ്ടും ശോഭ സുരേന്ദ്രനെ ഇറക്കിയാണ് ബിജെപി മണ്ഡലം പിടിക്കാൻ ശ്രമിക്കുന്നത്. ശോഭയുടെ സ്വീകാര്യത നിഷ്പക്ഷ വോട്ടുകൾ കൂടി ബിജെപിയുടെ അക്കൗണ്ടിലെത്തിക്കുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. മറുഭാ​ഗത്ത്, സെലിബ്രിറ്റി സ്ഥാനാർത്ഥിയായി നടൻ രമേഷ് പിഷാരടിയെയാണ് യുഡിഎഫ് മത്സരത്തിനിറക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി എൻഎംആർ റസാഖാണ് കളത്തിലിറങ്ങുന്നത്. താരതമ്യേന ദുർബലനായ സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് മത്സരത്തിന് ഇറക്കിയതെന്ന ആരോപണം ശക്തമാണ്. ഇത് സിപിഎം - ബിജെപി ഡീലാണെന്നാണ് യുഡിഎഫിന്റെ ആരോപണം. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുഡിഎഫ് പരാജയം സമ്മതിച്ചെന്നാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. ഏതായാലും പാലക്കാടൻ കാറ്റ് എങ്ങോട്ട് വീശുമെന്ന് കാണാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാസർകോട് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; തൊഴിൽ പീഡനമാരോപിച്ച് വൻ പ്രതിഷേധം
തിരുവനന്തപുരത്ത് ചിത്രം തെളിഞ്ഞു; സുധീര്‍ കരമന എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും