പതിവ് ആവര്‍ത്തിക്കുമോ സിപിഎം? നിയമസഭ തെരഞ്ഞെടുപ്പുകളില്‍ 2006 മുതലുള്ള കക്ഷിനില അറിയാം

Published : Apr 04, 2026, 12:02 PM IST
election campaign

Synopsis

കഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലും, അതായത് 2006, 2011, 2016, 2021 വർഷങ്ങളിൽ, ഭരണം ലഭിച്ചാലും ഇല്ലെങ്കിലും സിപിഎം ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ഓരോ തെരഞ്ഞെടുപ്പിലും പാർട്ടി നേടിയ സീറ്റുകളുടെ കണക്കുകൾ ഈ ആധിപത്യം വ്യക്തമാക്കുന്നു. ഈ പ്രവണത ഇത്തവണയും തുടരുമോ എന്ന ആകാംക്ഷയാണ് ലേഖനം പങ്കുവെക്കുന്നത്.

ഭരണം മാറിയപ്പോഴും സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷി, അതാണ് കഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും കേരളം കണ്ടത്. 2006-ല്‍ 61 ഉം, 2011-ല്‍ 45 ഉം, 2016-ല്‍ 58 ഉം, 2021-ല്‍ 62 ഉം സീറ്റുകളാണ് സിപിഎം വിജയിച്ചത്. ഇത്തവണ എല്‍ഡിഎഫ് ഭരണം തുടര്‍ന്നാലും യുഡിഎഫ് ഭരണം പിടിച്ചാലും വലിയ ഒറ്റക്കക്ഷി സിപിഎം തന്നെയായിരിക്കുമോ എന്നതൊരു ആകാംക്ഷയാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമുണ്ടെന്നും അതിനാല്‍ കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നുമാണ് യുഡിഎഫ് ക്യാംപിലെ പ്രതീക്ഷകള്‍. അതെന്താകുമെന്നും മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാം.

സിപിഎം പടയോട്ടം കണ്ട 2006

2006 നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി സിപിഎം ആയിരുന്നു. സിപിഎം 61 സീറ്റുകളാണ് ആ തെരഞ്ഞെടുപ്പില്‍ നേടിയത്. സിപിഎമ്മിന്‍റെ വമ്പന്‍ വിജയത്തിന്‍റെ കരുത്തില്‍ എല്‍ഡിഎഫ് ഭരണം പിടിക്കുകയും വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുകയും ചെയ്‌തു. 2006 മെയ് 18-ന് വിഎസ് കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകള്‍ മാത്രം നേടിയ സ്ഥാനത്താണ് 2006 നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം 61 സീറ്റുകള്‍ വിജയിച്ച് വന്‍ കുതിപ്പ് നടത്തിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 24, സിപിഐ- 17, മുസ്ലീം ലീഗ്- 7, കേരള കോണ്‍ഗ്രസ് (എം)- 7, ജെഡിഎസ്- 5, ആര്‍എസ്‌പി- 3, എന്‍സിപി- 1 ഒന്നിങ്ങനെയായിരുന്നു മറ്റ് പാര്‍ട്ടികള്‍ നേടിയ സീറ്റുകള്‍. ബിജെപി അക്കൗണ്ടൊന്നും തുറന്നില്ല.

ഇഞ്ചോടിഞ്ച് 2011, ഒടുവില്‍ ഭരണം യുഡിഎഫിന്

2011-ലേക്ക് എത്തിയപ്പോള്‍ ഭരണമാറ്റത്തിന്‍റെ ട്രെന്‍ഡ് ആവര്‍ത്തിച്ചു. മെയ് മാസം 13-ന് വോട്ടെണ്ണിയപ്പോള്‍ കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമായി അത് മാറി. വെറും നാല് സീറ്റുകളുടെ വ്യത്യാസത്തില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് വിജയം നേടി ഭരണം പിടിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫിന് 72 സീറ്റ്, എല്‍ഡിഎഫിന് 68 സീറ്റ്. ഇതോടെ ഉമ്മന്‍ ചാണ്ടി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഭരണം നഷ്‌ടമായെങ്കിലും 2011 നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം തന്നെയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. സിപിഎം 45 സീറ്റുകള്‍ നേടിയപ്പോള്‍ സിപിഐ (13), ജെഡിഎസ് (4), എന്‍സിപി (2), ആര്‍എസ്‌പി (2), സ്വതന്ത്രര്‍ (2) എന്നിങ്ങനെയായിരുന്നു എല്‍ഡിഎഫ് വിജയിച്ച സീറ്റുകള്‍. അതേസമയം യുഡിഎഫില്‍ കോണ്‍ഗ്രസ് 38 ഉം, മുസ്ലീം ലീഗ് 20 ഉം, കേരള കോണ്‍ഗ്രസ് (എം) ഒമ്പതും, എസ്‌ജെഡിയും കേരള കോണ്‍ഗ്രസ് ബിയും കേരള കോണ്‍ഗ്രസ് ജേക്കബും ഓരോ സീറ്റുകളും വിജയിച്ചു. ലീഗും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും പിടിച്ച സീറ്റുകളാണ് 2011-ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനെ ഭരണത്തിലെത്തിച്ചത് എന്ന് വ്യക്തം.

ബിജെപി അക്കൗണ്ട് തുറന്ന 2016

സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ച തെരഞ്ഞെടുപ്പായിരുന്നു 2016-ലേത്. യുഡിഎഫ് വെറും 47 സീറ്റുകളിലേക്ക് ചുരുക്കപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് 91 സീറ്റുകള്‍ നേടി. എല്‍ഡിഎഫിനെ തെരഞ്ഞെടുപ്പില്‍ നയിച്ച പിണറായി വിജയന്‍ മെയ് 25-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ബിജെപി കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറന്ന തെരഞ്ഞെടുപ്പ് കൂടിയായി 2016-ലേത്. നേമത്ത് ഒ രാജഗോപാലാണ് വിജയിച്ചത്. സിപിഎം ഒറ്റയ്ക്ക് 58 സീറ്റുകള്‍ വിജയിച്ചപ്പോള്‍ പ്രധാന സഖ്യകക്ഷിയായ സിപിഐ 19 മണ്ഡലങ്ങള്‍ നേടി. ജെഡിഎസ് മൂന്ന്, എന്‍സിപി അഞ്ച്, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, എന്‍എസ്‌സി, സിഎംപി എന്നിവര്‍ ഓരോ സീറ്റുകള്‍ നേടിയപ്പോള്‍ അഞ്ച് സ്വതന്ത്രരും എല്‍ഡിഎഫ് പക്ഷത്ത് വിജയിച്ചു. യുഡിഎഫ് മുന്നണിയില്‍ കോണ്‍ഗ്രസ് 22, മുസ്ലീം ലീഗ് 18, കേരള കോണ്‍ഗ്രസ് എം (6), കേരള കോണ്‍ഗ്രസ് (ജേക്കബ്) 1 എന്നിങ്ങനെയാണ് സീറ്റുകള്‍ വിജയിച്ചത്.

തുടര്‍ ഭരണത്തിന്‍റെ 2021

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് തുടര്‍ ഭരണം പിടിച്ച നിയമസഭ തെരഞ്ഞെടുപ്പായിരുന്നു 2021-ലേത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് എട്ട് സീറ്റുകള്‍ വര്‍ധിപ്പിച്ച് 99 സീറ്റുകളുമായാണ് ഇടതുമുന്നണി അധികാരം തുടര്‍ന്നത്. യുഡിഎഫ് 41 സീറ്റുകളില്‍ മാത്രമേ വെന്നിക്കൊടി പാറിച്ചുള്ളൂ. അതേസമയം, എന്‍ഡിഎയുടെ ഏക അക്കൗണ്ട് നേമത്ത് പൂട്ടുകയും ചെയ്‌തു. വീണ്ടും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് കേരളം സാക്ഷ്യം വഹിച്ചു. 2021-ല്‍ സിപിഎം 62 സീറ്റുകളും സിപിഐ 17 സീറ്റുകളും വിജയിച്ചു. കേരള കോണ്‍ഗ്രസ് എം അഞ്ചും, ജെഡിഎസും എന്‍സിപിയും രണ്ട് വീതവും, കേരള കോണ്‍ഗ്രസ് ബിയും ഐഎന്‍എല്ലും എല്‍ജെഡിയും കോണ്‍ഗ്രസ് എസും ജനാധിപത്യ കേരള കോണ്‍ഗ്രസും ഓരോ സീറ്റുകളും വിജയിച്ചു. യുഡിഎഫിലാവട്ടെ കോണ്‍ഗ്രസ് 21 ഉം മുസ്ലീം ലീഗ് 15 ഉം, കേരള കോണ്‍ഗ്രസ് രണ്ടും ആര്‍എംപിഐ, എന്‍സികെ, കേരള കോണ്‍ഗ്രസ് എന്നിവര്‍ ഓരോ സീറ്റുകളും നേടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വയനാട് ദുരന്തത്തിന്റെ പേരിൽ കോൺ​ഗ്രസ് ലക്ഷ്യമിടുന്നത് ഇരട്ടക്കൊള്ള'; ഉ‍ഡായിപ്പ് ഡെമോക്രാറ്റിക് ഫ്രണ്ടായി യുഡിഎഫ് മാറിയെന്ന് സ്വരാജ്
കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു; മർദ്ദനമേറ്റ് കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകികയറ്റി; ആറ് വയസുകാരൻ നേരിട്ടത് ക്രൂര പീഡനം